സിപിഐ സംഘം മഞ്ചിക്കണ്ടിയിലേക്ക്; മാവോയിസ്റ്റ് വേട്ടയിൽ സിപിഐക്ക് എന്നും ഒറ്റ നിലപാടെന്ന് കാനം

By Web TeamFirst Published Nov 1, 2019, 1:02 PM IST
Highlights

പൊലീസ് വീഡിയോ പുറത്തുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയാനാണ് സിപിഐ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു.

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങൾ സിപിഐ സംഘം സന്ദ‌ർശിക്കുന്നു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടുൽ വ്യാജമാണെന്ന ആരോപണങ്ങൾക്കിടെയാണ് സിപിഐ സംഘത്തിന്‍റെ സന്ദർശനം. 

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തുന്നത്. മേലെ മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തും.

സിപിഐ സംഘത്തിന് വനം വകുപ്പ് സന്ദർശനാനുമതി നിഷേധിച്ചുവെങ്കിലും ഇത് വകവയ്ക്കാതെ ഇവർ മുന്നോട്ട് പോകുകയാണ്. അതേസമയം, രാജ്യത്തെ മാവോയിസ്റ്റ് വേട്ടകളിൽ 1967 മുതൽ സിപിഐക്ക് ഒറ്റ നിലപാടേ ഉള്ളുവെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

പൊലീസ് വീഡിയോ പുറത്തുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയാനാണ് സിപിഐ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

click me!