'ക്രൂരമായി കൊന്നു, മൃതദേഹം തിരിച്ചറിയാൻ പോലും വയ്യ', പൊലീസിനെതിരെ മാവോയിസ്റ്റുകളുടെ ബന്ധുക്കൾ

By Web TeamFirst Published Oct 31, 2019, 10:09 PM IST
Highlights

തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് നിലവിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്‍റെ ഭാര്യ കല സമർപ്പിച്ച ഹർജിയിൽ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടിരുന്നു. 

തൃശ്ശൂർ: പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളെ കേരളാ പൊലീസ് ക്രൂരമായി കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ. മൃതദേഹം തിരിച്ചറിയാൻ പോലുമാകുന്നില്ലെന്നും, ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ സഹോദരൻ മുരുകേശ് ആരോപിച്ചു. കാർത്തിയുടെ മൃതദേഹം തനിക്ക് തിരിച്ചറിയാനാകുന്നില്ലെന്നും മുരുകേശ് പറയുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ മണിവാസകത്തിന്‍റെയും കാർത്തിയുടെയും ബന്ധുക്കളാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. മണിവാസകത്തിന്‍റെ സഹോദരി ലക്ഷ്മിയും ഭർത്താവും കാർത്തിയുടെ സഹോദരൻ മുരുകേശുമാണ് എത്തിയിരുന്നത്. മണിവാസകത്തിന്‍റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ആദ്യം മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ കേരളാ പൊലീസ് തയ്യാറായില്ല. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്‍റെ ഭാര്യ കല സമർപ്പിച്ച ഹർജിയിൽ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെയാണ് ബന്ധുക്കൾക്ക് ആദ്യം പൊലീസ് അനുമതി നിഷേധിച്ചത്.

മൃതദേഹം കാണാനായി മോർച്ചറിയ്ക്ക് സമീപമെത്തിയ ബന്ധുക്കളോട് ആദ്യം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അതിന് മുമ്പ് മൃതദേഹം കാണാനാകില്ലെന്നും കോടതി ഉത്തരവ് കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

എന്നാൽ മൃതദേഹം കാണാതെ മടങ്ങില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് പൊലീസ് വഴങ്ങിയത്. 

കാർത്തിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകളുണ്ടെന്നാണ് സഹോദരൻ മുരുകേശ് പറഞ്ഞത്. തിരിച്ചറിയാനാകാത്ത വിധമാണ് മൃതദേഹമുള്ളത്. ഇത് ക്രൂരമായ കൊലപാതകമാണ്. ദേഹത്ത് മുറിപ്പാടുകളുണ്ടെന്നത് വ്യക്തമാണ്. തിരിച്ചറിയാനായി ഫോട്ടോകൾ ചോദിച്ചിട്ടുണ്ടെന്നും, ഇത് കൂടി കണ്ട ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും മുരുകേശ് പറഞ്ഞു. 

അതേസമയം, ഈ മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കാർത്തികിന്‍റെയും മണിവാസകത്തിന്‍റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതി വിധി.

ഇപ്പോൾ മറ്റൊരു കേസിൽ തിരുച്ചിറപ്പള്ളി ജയിലിൽ തടവിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്‍റെ ഭാര്യ കല. ഇവരുടെ മകളും ഇതേ ജയിലിൽ തടവിലാണ്.

തിരുച്ചിറപ്പള്ളി ജയിലിലുള്ള കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്‍റെ വിധിയിൽ വ്യക്തമാക്കുന്നു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നറിയാനുള്ള ശ്രമങ്ങൾ കേരളം ആരംഭിച്ചു. ഇവരുടെ ചിത്രങ്ങൾ കർണാടക, തമിഴ്‌നാട് പൊലീസ് സേനകൾക്ക് അയച്ചുകൊടുത്തു.

click me!