മാവോയിസ്റ്റ് നേതാവിന്‍റെ പരിശീലനദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചന

By Web TeamFirst Published Nov 6, 2019, 9:33 AM IST
Highlights

മാവോയിസ്റ്റുകളുടെ രീതിയനുസരിച്ച് ഇവര്‍ കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. പൊലീസോ തണ്ടര്‍ബോള്‍ട്ടോ എത്തിയാല്‍ എങ്ങനെ ആക്രമിക്കണം എന്നതിന്‍റെ ഭൂപടങ്ങളുള്‍പ്പടെ....

പാലക്കാട്: ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പകര്‍പ്പ് പുറത്തുവന്നു. അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയതാണ് കുറിപ്പുകളെന്ന് പൊലീസ് പറഞ്ഞു. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപകിന്‍റെ പരിശീലന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങളില്‍ നിന്നാണ്, ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളുടെ രീതിയനുസരിച്ച് ഇവര്‍ കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്‍ഗഡ് സ്വദേശിയായ ദീപക് ഷാര്‍പ്ഷൂട്ടറാണ്. സായുധസംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയാണ് ദീപക് എന്നാണ് സംശയം. 

ദൃശ്യങ്ങള്‍ക്കൊപ്പം കണ്ടെത്തിയ ഡയറിക്കുറിപ്പുകളില്‍, ഓരോ ഭൂപ്രകൃതിയിലും എങ്ങനെ ആക്രമണം നടത്താമെന്നതിന്‍റെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പൊലീസോ തണ്ടര്‍ബോള്‍ട്ടോ എത്തിയാല്‍ എങ്ങനെ ആക്രമിക്കണം എന്നതിന്‍റെ ഭൂപടങ്ങളുള്‍പ്പടെയുള്ളവയാണ് ഡയറിക്കുറിപ്പുകള്‍. നിരവധി പുസ്തകങ്ങളും ഡയറികളും പൊലീസ് കണ്ടെത്തിയിരുന്നു. 

click me!