
കോട്ടയം: മാർത്തോമാ സഭാ ബിഷപ്പ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിൽ. ബിഷപ്പുമാരെ തെരഞ്ഞെടുക്കാനായി സ്പെഷ്യൽ മണ്ഡലം വിളിച്ചു ചേർക്കാനുള്ള സഭാ നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ സഭയിലെ തന്നെ ഒരു വിഭാഗം കോടതിയെ സമീപിച്ചു. ഇതോടെ ബിഷപ്പ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. 2014- 2017 കാലത്തേക്ക് നിലവിൽ വന്ന മാർത്തോമാ സഭാ മണ്ഡലമാണ് നാല് പുതിയ ബിഷപ്പുമാരെ നിയമിക്കാനുള്ള തീരുമാനമെടുത്തത്.
ഇതിനായി നോമിനേഷൻ ബോർഡിനെയും ചുമതലപ്പെടുത്തി. ആറ് പേരുടെ ചരുക്കപ്പട്ടികയിൽ നിന്ന് രണ്ട് പേരെ ഒഴിവാക്കി.ഇതിലൊരാളെ ഒഴിവാക്കാനായി ബോർഡിലെ ചിലർ നടത്തിയ ശ്രമത്തിൽ പ്രതിഷേധിച്ച് ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉൾപ്പെടെ നാല് പേർ ബോർഡിൽ നിന്ന് രാജിവെച്ചു.ഇതിനിടെയാണ് ബിഷപ്പുമാരെ കണ്ടെത്താനായി സ്പെഷ്യൽ മണ്ഡലം വിളിക്കാനുള്ള സഭാ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ തീരുമാനം.
എന്നാൽ ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സഭാ പ്രതിനിധി മണ്ഡലം അംഗം തന്നെ തിരുവല്ല മുൻസിഫ് കോടതിയെ സമീപിച്ചു.ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സഭാ അംഗങ്ങളിൽ ചിലർ തിരുവല്ല മുൻസിഫ് കോടതിയെ സമീപിച്ച് നടപടികൾക്ക് സ്റ്റേ വാങ്ങിയിരുന്നു.സഭാ നേതൃത്വത്തിന്‍റെ അപ്പീൽ പരിഗണിച്ച മുൻസിഫ് കോടതി സ്റ്റേ നീക്കി.ഇതിനെതിരെ ഹർജിക്കാർ സബ് കോടതിയെ സമീപിച്ചു.
വാദം പൂർത്തിയായ കേസിൽ കോടതി അടുത്ത ദിവസം വിധി പറയും. എന്നാൽ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് സഭാ നേതൃത്വത്തിന്‍റെ പ്രതികരണം. പ്രഖ്യാപിച്ചതനുസരിച്ച് സ്പെഷ്യൽ സഭാ മണ്ഡലം നടത്തും.ബിഷപ്പുമാരുടെ തെരഞ്ഞെടുപ്പ് സ്പെഷ്യൽ മണ്ഡലത്തിൽ നടത്തുമെന്നുമാണ് സഭാ നേതൃത്വത്തിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam