കാലവർഷം തുണച്ചില്ല; സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ഒഴിയുന്നില്ല

By Web TeamFirst Published Jul 25, 2019, 6:58 AM IST
Highlights

പ്രതിസന്ധി ഒഴിയാതെ അണക്കെട്ടുകൾ. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നില്ല. ഇടുക്കി ഡാമിൽ 19% വെള്ളം മാത്രം. ആനിയിറങ്ങലിൽ 4%, മാട്ടുപ്പെട്ടിയിൽ 10%. വൃഷ്ടി പ്രദേശത്ത് കാലവർഷം ദുർബലം. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുത പ്രതിസന്ധി

തിരുവനന്തപുരം: കാലവർഷം എത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ഒഴിയുന്നില്ല. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇടുക്കി ഡാമിൽ 19 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്.ഒരാഴ്ച ശക്തമായ മഴ ലഭിച്ചിട്ടും സംസ്ഥാനത്തിനാവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടുകളിൽ കാര്യമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 2,314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 

കഴിഞ്ഞ വർഷത്തേതിനേക്കാൾ 72 അടി വെള്ളം കുറവ്. വൈദ്യുതോൽപാദനം ഗണ്യമായി കുറച്ചാണ് കെഎസ്ഇബി ഇടുക്കി ഡാമിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ജില്ലയിലെ മറ്റ് ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആനയിറങ്ങലിലുള്ളത് 4 ശതമാനം വെള്ളം. മാട്ടുപ്പെട്ടിയിൽ 10 ശതമാനവും കുണ്ടളയിൽ 16 ശതമാനവും. 46 ശതമാനം വെള്ളമുള്ള ലോവർ പെരിയാറാണ് നിലവിൽ ജില്ലയിലെ സന്പന്നമായ ഡാം.

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കാലവർഷം ദുർബലമായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 800 മില്ലി മീറ്റർ മഴ മാത്രമാണ് ഇടുക്കിയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 2,000 മില്ലിമീറ്റർ മഴ കിട്ടിയിരുന്നു.

മഴ നിമിത്തം വൈദ്യുത ഉപഭോഗം കുറഞ്ഞതും ഗ്രിഡിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതുമാണ് പ്രശ്നങ്ങളില്ലാതെ പോകാൻ കെഎസ്ഇബിയെ സഹായിക്കുന്നത്. എന്നാൽ മഴയൊഴിയുകയും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയിൽ ഇടിവ് നേരിടുകയും ചെയ്താൽ സംസ്ഥാനം വീണ്ടും വൈദ്യുത പ്രതിസന്ധിയിലേക്ക് വീഴും.

click me!