ആദ്യ സൈറൺ മുഴങ്ങി; ജെയിൻ കോറൽ കോവ് പൊട്ടിച്ചിതറാൻ ഇനി മിനിറ്റുകൾ മാത്രം

By Web TeamFirst Published Jan 12, 2020, 9:29 AM IST
Highlights

കൂട്ടത്തിൽ ഏറ്റവും വലുത്. വെറും ഒമ്പത് മീറ്റര്‍ ദുരത്ത് കായൽ ,ചുറ്റിലും വലുതും ചെറുതുമായ കെട്ടിടങ്ങൾ. പൊളിക്കൽ ദൗത്യത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ് ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ഛയം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‍റെ പേരിൽ സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ച ജയിൻ കോറൽ കോവിന് ഇനി മിനിറ്റുകളുടെ മാത്രം ആയുസ്. ഫ്ലാറ്റ് സമുച്ചയം തകർക്കുന്നതിനുള്ള ആദ്യ സൈറൺ കൃത്യം 10.30 ന് തന്നെ മുഴങ്ങി. പതിനൊന്ന് മണിക്കാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിട സമുച്ചയം തകർക്കുന്നത്.

ഇടറോഡുകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ളതാണ് ആദ്യത്തെ സൈറൺ. ഇനി 10.55 ന് രണ്ടാമത്തെ സൈറൺ മുഴങ്ങും. 11 മണിക്ക് ഫ്ലാറ്റ് കെട്ടിടം തകർക്കും. 11.30യ്ക്ക് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എല്ലാ ചെറുറോഡുകളും ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള സൈറൺ മുഴങ്ങും.

രണ്ട് ഫ്ലാറ്റ് സമുച്ഛയങ്ങളാണ് ഇന്ന് തകർക്കുന്നത്. ജെയിൻ കോറൽ കോവ് നിലംപൊത്തിയാൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോൾഡൻ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. സുപ്രീം കോടതി തകർക്കാൻ വിധിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ വലിപ്പം കൊണ്ട് ഏറ്റവും വലുതാണ് ജയിൻ കോറൽ കോവ്.

ആദ്യ രണ്ട് ഫ്ലാറ്റുകൾ സുരക്ഷിതമായി മുൻ നിശ്ചയിച്ച പ്രകാരം തന്നെ പൊളിച്ച് മാറ്റിയതിന്‍റെ ആശ്വാസത്തിലാണ് രണ്ടാം ദൗത്യത്തിനുള്ള ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കുന്നത്. വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമീപവാസികളെ ഒഴിപ്പിച്ചു. 

കൂട്ടത്തിൽ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ഛയമായ ജെയിൻ കോറൽ കോവ് പൊളിച്ച് മാറ്റുന്നത് വലിയ വെല്ലുവിളി തന്നെയാണ്. വെറും ഒമ്പത് മീറ്റര്‍ ദുരത്ത് കായൽ ,ചുറ്റിലും വലുതും ചെറുതുമായ കെട്ടിടങ്ങൾ. സമീപത്തെ വലുതും ചെറുതുമായ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം ഒരുക്കിയാണ് സ്ഫോടനം ക്രമീകരിച്ചിരിക്കുന്നതെന്നാണ് ദൗത്യം ഏറ്റെടുത്ത കമ്പനി അധികൃതര്‍ പറയുന്നത്.

തുടര്‍ന്ന് വായിക്കാം: മരട് സ്ഫോടനം: കോൺക്രീറ്റ് അവശിഷ്ടം കായലിലേക്ക് വീഴാതെ നോക്കുക വെല്ലുവിളിയെന്ന് എഡിഫൈസ് വിദഗ്ദ്ധൻ...

നെട്ടൂര്‍ കായലിലേക്ക് അവശിഷ്ടങ്ങൾ വീണേക്കാനുള്ള സാധ്യതകളെല്ലാം മുൻകൂട്ടികണ്ടാണ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. കായലിലെ മത്സ്യബന്ധന തൊഴിലാളികളെ പൂര്‍ണ്ണമായും പ്രദേശത്തു നിന്ന് മാറ്റിയാണ് സ്ഫോടനം നടത്തുന്നത്.  വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഇടറോഡുകളിൽ ഗതാഗതവും നിയന്ത്രിച്ചു.

വലിയ ഫ്ലാറ്റ് സമുച്ഛയം ആയത് കൊണ്ട് തന്നെ സ്ഫോടനത്തിലടക്കം വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വലിയ തോതിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും പൊളിക്കൽ കരാറെടുത്ത കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം:  

നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ഉച്ചക്ക് രണ്ട് മണിക്കാണ് രണ്ടാമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരം പൊളിച്ച് മാറ്റുന്നത്. കൂട്ടത്തിൽ പഴക്കം ചെന്ന ഫ്ലാറ്റാണ് ഗോൾഡൻ കായലോരം. 15 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്ഫോടനം നടത്താനാണ് ശ്രമം. അതേസമയം രാവിലെ പൊളിക്കുന്ന ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

പ്രത്യേക ഡിസൈനാണ് ഗോൾഡൻ കായലോരം തകര്‍ക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഫ്ലാറ്റിന് സമീപത്ത് നിൽക്കുന്ന അങ്കണവാടി അടക്കം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന വിധത്തിലാകും സ്ഫോടനം എന്നാണ് അവകാശ വാദം. ഇരുന്നൂറ് മീറ്റര്‍ പരിധിയിൽ നിന്ന് എല്ലാവരെയും പൂര്‍ണ്ണമായും ഒഴിപ്പിച്ചാണ് സ്ഫോടനം നടത്തുന്നത്. 

ഇന്നലെ തകര്‍ത്ത ഹോളി ഫെയ്ത്ത്, ആൽഫാ സറീൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് കുടുംബങ്ങളെ മാത്രമേ ജെയിൻ കോറൽ കോവിന്‍റെ പരിസരത്ത് നിന്ന് ഒഴിപ്പിക്കേണ്ടതുള്ളൂ. ഇവരിൽ ഭൂരിഭാഗം പേരും സമീപത്തെ ഒരു കടവിലേക്കാണ് മാറിയിരിക്കുന്നത്.ഇവിടെ നിന്നാൽ സ്ഫോടനം വ്യക്തമായി കാണാനും കഴിയും. ഇന്നലത്തെ സ്ഫോടനങ്ങൾ കണ്ടതോടെ ഇതെക്കുറിച്ചുള്ള ആശങ്കകൾ ഒരു പരിധി വരെ മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

click me!