കൊച്ചി: മരടിൽ ഇന്ന് രാവിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയത്തിൽ സ്ഫോടനം നടത്തുമ്പോൾ, കായലിലേക്ക് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വീഴാതെ നോക്കുക വലിയ വെല്ലുവിളിയെന്ന് കരാറുകാരായ എഡിഫൈസ് എഞ്ചിനിയറിംഗിലെ വിദഗ്ദൻ ഷാജി കോശി. കെട്ടിടത്തിൽ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്ന അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. ഒമ്പത് മീറ്റർ മാത്രം ദൂരെ രണ്ടു  വശത്തും  കായലായതിനാൽ 45 ഡിഗ്രിയിൽ കിഴക്ക് വശത്ത് ഒഴിഞ്ഞ ഭാഗത്തേക്ക് പൊളിഞ്ഞു വീഴുന്ന തരത്തിലാണ് ബ്ലാസ്റ്റിംഗ് പ്ലാൻ തയ്യാറാക്കായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. എഡിഫൈസ് കമ്പനി തന്നെയാണ് ഇന്ന് രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങൾ. ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ കാഴ്ചകാണാൻ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ 11 മണിക്കാണ് ജെയിൻ കോറൽകോവ് പൊളിക്കുന്നത്. ജെയിൻ കോറൽകോവിൽ 16 നിലകളിലായി 125 അപാർട്മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റർ ഉയരമുണ്ട്.  ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവിൽ ആകെയുള്ളത് നാല് വീടുകൾ മാത്രമാണെന്നത് സ്ഫോടനത്തിന്റെ വെല്ലുവിളി കുറയ്ക്കുന്നു. എന്നാൽ കായലിനോട് ചേർന്ന് കിടക്കുന്ന ഫ്ലാറ്റ് കെട്ടിടം തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാതിരിക്കാൻ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനായി ഫ്ലാറ്റ് കെട്ടിടത്തോട് ചേർന്ന് നിലനിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.

ജെയിൻകോറൽകോവ് 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നാണ് ലക്ഷ്യം. വലിയ ബുദ്ധിമുട്ടില്ലാതെ സ്ഫോടനം നടത്തി തകർക്കാനാവുമെന്ന് പ്രതീക്ഷ. ഉദ്ദേശിച്ച രീതിയിൽ തകർക്കാൻ സാധിച്ചാൽ വലിയതോതിൽ അവശിഷ്ടങ്ങൾ കായലിലേക്ക് പതിക്കില്ല. ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ടൈമർ ഉപയോഗിച്ച് വലിയ സ്ഫോടനം നടത്തും. ഇതോടെ ഫ്ലാറ്റ് കെട്ടിടം തകർന്ന് നിലംപൊത്തും.