മരട് ഫ്ലാറ്റ് ; ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

By Web TeamFirst Published Sep 18, 2019, 11:36 AM IST
Highlights

കേന്ദ്ര പരിസ്ഥിതി മന്ത്രിപ്രകാശ് ജാവതേക്കറുമായി മുഖ്യമന്ത്രിയും ഗവർണറും ഫോണിൽ സംസാരിച്ചു. ഫ്ലാറ്റ് പൊളിച്ച് മാറ്റുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച ഫയൽ ചെയ്ത റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടേയും നിലപാട്. 

ദില്ലി/ കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രശ്നം സംസ്ഥാന വിഷയമാണ്. മാത്രമല്ല സുപ്രീം കോടതി ഇടപെടലുമുണ്ട്. കേസ് പരിഗണിച്ച സന്ദര്‍ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ടിട്ടില്ല. പരിസ്ഥിതി മന്ത്രാലയത്തോട്  അഭിപ്രായം ചോദിച്ചിട്ടുമില്ല. അതുകൊണ്ട് ഈ ഘട്ടത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ . 

മരട് ഫ്ലാറ്റ് പ്രശ്നപരിഹാരം തേടി സര്‍കക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മരടിലെ ഫ്ലാറ്റുകൾ ഈ മാസം ഇരുപതിനകം  പൊളിച്ച് മാറ്റണമെന്ന സുപ്രീകോടതി വിധിയിൽ ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയാണ്. സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം പറയുന്നു. 

ഇതിനിടെയാണ് ഫ്ലാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചത്. രജിസ്ട്രി തീരുമാനിക്കുന്ന ദിവസം മാത്രമെ ഹര്‍ജി പരിഗണിക്കാനാകൂ എന്ന് കോടതി നിലപാടെടുത്തതോടെ വലിയ തിരിച്ചടിയാണ് ഫ്ലാറ്റ് ഉടമകൾക്കും ഉണ്ടായിട്ടുള്ളത്. 

click me!