മരട് ഫ്ലാറ്റ് കേസ്: ഓരോ നിർമ്മാണ കമ്പനിക്കുമെതിരെ പ്രത്യേകം കുറ്റപത്രം നൽകാനൊരുങ്ങി ക്രൈംബ്രാഞ്ച്

By Web TeamFirst Published Aug 8, 2021, 1:20 PM IST
Highlights

ഒരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് നിര്‍മ്മാണക്കേസില്‍ അഴിമതിക്കും വഞ്ചനക്കും പ്രത്യേകം കുറ്റപത്രം നല്‍കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അതേസമയം, ചട്ടം ലംഘിച്ച് ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്  കെ എ ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല

തീരപരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ പടുകൂറ്റന്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ച കേസുകള്‍ കൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുണ്ട്. ജയിന്‍ കോറല്‍ കോവ്, ആല്ഫാ സറീന്‍, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ചിന്‍റെ കൈവശമുള്ളത്. വിജിലന്‍സ് അന്വേഷിക്കുന്നത് ഗോള്‍ഡന്‍ കായലോരം സംബന്ധിച്ച കേസുകളാണ്. നാല് സമുച്ചയങ്ങളിലുമായുള്ളത് 328 ഫ്ലാറ്റുകളാണ്. അന്വഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

അഴിമിതനിരോധന നിയമപ്രകാരം നാല് ഫ്ലാറ്റ് നിര്‍മാണകമ്പനികള്‍ക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കും. ഓരോ കമ്പനിക്ക് എതിരെയും കുറ്റപത്രം ഉണ്ടാകും. വിശ്വാസ വഞ്ചനക്കാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കുറ്റപത്രം. ഓരോ ഫ്ലാറ്റ് ഉടമയുടെയും പരാതിയില്‍ പ്രത്യേകം കുറ്റപത്രം നല്‍കാനാണ് ആലോചന. മരട് പഞ്ചായത്ത് മുന്‍ പ്രസി‍ഡന്‍റും സിപിഎം നേതാവുമായി കെ എ ദേവസ്സിയുടെ നേതൃത്വത്തിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മാണങ്ങള്‍ക്ക് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം.

പൊതുസേവകന്‍ എന്ന നിലയില്‍ ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരവും പ്രതികള്‍ നടപടികള്‍ നേരിടേണ്ടി വരും. ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും .ഈ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ ഭരണകൂടം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!