മരടിൽ എല്ലാം ഒരുങ്ങി, ആൽഫ സെറിൻ പൊളിക്കുന്നതിൽ ചെറിയ സമയമാറ്റം, നാളെ മോക് ഡ്രിൽ

By Web TeamFirst Published Jan 9, 2020, 10:02 AM IST
Highlights

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുക്കളുടെയും കൺട്രോൾ റൂമിന്‍റെയും നിർമ്മാണം ഇന്ന് തുടങ്ങും. മരട് നഗരസഭ ഓഫീസിലായിരിക്കും കൺട്രോൾ റൂം സ്ഥാപിക്കുന്നത്. 

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുക്കളുടെയും കൺട്രോൾ റൂമിന്‍റെയും നിർമ്മാണം ഇന്ന് തുടങ്ങും. മരട് നഗരസഭ ഓഫീസിലായിരിക്കും കൺട്രോൾ റൂം സ്ഥാപിക്കുന്നത്. ഇതിനിടെ ആൽഫ സെറിൻ ഫ്ലാറ്റിൽ സ്ഫോടനം നടത്തുന്ന സമയത്തിൽ നേരിയ മാറ്റമുണ്ടാകുമെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനികൾ അറിയിച്ചു.

ജനുവരി 11 നും 12 നും പൊളിച്ച് നീക്കേണ്ട ഫ്ലാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ പൂർത്തിയായി.

സ്ഫോടക വസ്തുക്കൾ നിറച്ച ഫ്ലാറ്റുകളിൽ എല്ലാം സ്ഫോടകവിദഗ്‍ധർ വിശദമായ സുരക്ഷാ പരിശോധന നടത്തുകയാണിപ്പോൾ. ആദ്യദിനം സ്ഫോടനം നടത്തുന്ന ആൽഫ സെറീൻ ഇരട്ടക്കെട്ടിടങ്ങളാണ് സ്ഫോടക വിദഗ്ധർ ആദ്യം പരിശോധിച്ചത്. ഇവിടത്തെ സ്ഫോടന ക്രമീകരണങ്ങൾ വിശദമായിത്തന്നെ വിലയിരുത്തി. പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ആൽഫ സെറീന്‍റെ സ്ഫോടന സമയത്തിൽ ചെറിയ  മാറ്റം ഉണ്ടാകും എന്ന് ആർ വേണുഗോപാലും സ്ഥിരീകരിച്ചു. ഹോളിഫെയ്ത്തിലെ സ്ഫോടനത്തിന് ശേഷം പൊടിപടലം അടങ്ങിയാലുടൻ ആൽഫയിൽ സ്ഫോടനം നടത്തുമെന്നും പെസോ വിദഗ്ധർ വ്യക്തമാക്കുന്നു. 

കൺട്രോൾ റൂം ഇന്ന് മുതൽ, നാളെ മോക് ഡ്രിൽ

ഇനിയുള്ളത് ഫ്ലാറ്റുകളെ ബ്ലാസ്റ്റിംഗ് ഷെഡുമായി ബന്ധിപ്പിക്കുന്ന ജോലിയാണ്. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് നൂറ് മീറ്റർ മാറിയാണ് ഓരോ ഷെഡ്ഡും പണിയുന്നത്. പൊളിക്കൽ ചുമതലയുള്ള വിദഗ്ധർമാത്രമാണ് ഷെഡ്ഡിലുണ്ടാകുക. 

ഈ ഷെഡിൽ സ്ഥാപിച്ച ബ്ലാസ്റ്റിംഗ് എക്സ്പ്ലോഡർ സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് ഡിറ്റനേറ്ററിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും സ്ഫോടനം തുടങ്ങുന്നതും. 

പെസോയുടെ അംഗീകാരമുള്ള ഒരു വിദഗ്ധനാണ് ഈ ഉപകരണം കൈകാര്യം ചെയ്ചുന്നത്. ഓരോ ഫ്ലാറ്റിനും പ്രത്യേക ബ്ലാസ്റ്റിംഗ് ഷെഡ്ഡുണ്ടാകും. ബ്ലാസ്റ്റിംഗ് ഷെഡിനെ മരട് നഗരസഭ ഓഫീസിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. 

ഫ്ലാറ്റുകളിലെ ദൃശ്യങ്ങൾ ഈ കൺട്രോൾ റൂമിൽ ലഭ്യമാക്കും. ഇവിടുത്തെ നിർദ്ദേശം അനുസരിച്ചാകും സ്ഫോടനം. ആദ്യ സ്ഫോടനം നടത്തുന്നത് 11 മണിക്ക് ഹോളി ഫെയ്ത്തിലാണ്. 11 മണിക്ക് തന്നെ സ്ഫോടനം നടത്തനാണ് പദ്ധതി. രണ്ടാമത് പൊളിച്ച് നീക്കണ്ടത് ആൽഫ സെറിൻ ഇരട്ട കെട്ടിടമാണ്. നേരത്തെ 11.05 ന് ഇവിടെ സ്ഫോടനം നടത്തുമെന്നാണ് അറിയിച്ചതെങ്കിൽ നിലവിലുള്ള സാഹചര്യത്തിൽ 11. 15നും 11.30നും ഇടയിലുള്ള സമയത്താകും അടുത്ത സ്ഫോടനമെന്ന് വിദഗ്ധർ പറയുന്നു.

''11 മണിക്ക് തന്നെ സ്ഫോടനം നടക്കും. അത് രണ്ട് മിനിറ്റ് കൊണ്ട് അവസാനിക്കും. അതിന് ശേഷം എല്ലാ തരത്തിലും പൊടിപടലങ്ങൾ അടങ്ങി സൈറ്റിലേക്ക് പോകാമെന്ന സ്ഥിതിയായാൽ ഉടനടി ഞങ്ങൾ സൈറ്റിൽ പോയി പരിശോധിക്കും. എല്ലാം ഓക്കെയാണെങ്കിൽ ഒരു സൈറൺ മുഴങ്ങും, എല്ലാം സുരക്ഷിതമാണെന്നതിന്‍റെ സൂചനയാകും അത്. ഏതാണ്ട് 11.10ഓടെ അത് പൂർത്തിയാക്കും. ഹോളി ഫെയ്ത്ത് സുരക്ഷിതമായി പൊളിച്ചു കഴിഞ്ഞാൽ ഉടനടി വിവരം കൺട്രോൾ റൂമിന് കൈമാറും. ഫയർ ടെണ്ടറുകളടക്കമുള്ള ഞങ്ങളുടെ സംഘം ആൽഫായിലേക്ക് പോകും. അവിടെ രണ്ടാമത്തെ സ്ഫോടനവും സമാനമായ രീതിയിൽ നടക്കും. നാല് മണിക്കൂർ കൊണ്ട് ആദ്യദിനമുള്ള ഫ്ലാറ്റ് പൊളിക്കലിന്‍റെ നടപടികൾ പൂർത്തിയാകും'', എന്ന് പൊളിക്കലിന്‍റെ ചുമതലയുള്ള എഡിഫൈസിന്‍റെ വിദഗ്ധൻ ഉത്കർഷ് മേത്ത പറയുന്നു.

ഹോളി ഫെയ്ത്ത് പൊളിക്കുന്നത് ഘട്ടം ഘട്ടമായി ഇങ്ങനെ: (ഗ്രാഫിക്സ്)

പത്താം തീയതിയോടെ എല്ലാ ഒരുക്കവും പൂർത്തിയാക്കി മോക് ഡ്രിൽ നടത്താനാണ് നിലവിലുള്ള തീരുമാനം. ഫ്ലാറ്റുകളുടെ 100 മീറ്റർ ചുറ്റളവിൽ സ്ഫോടന ദിവസം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. 

click me!