കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Jan 9, 2020, 9:07 AM IST
Highlights

കളിയിക്കാവിളയിൽ ഡ്യൂട്ടിയിലായിരുന്ന ചെക്ക് പോസ്റ്റ് എസ്ഐയെയാണ് രണ്ട് പേർ ഇന്നലെ രാത്രി പത്തര മണിയോടെ വെടിവച്ച് കൊന്ന് കടന്നു കളഞ്ഞത്. തൊപ്പി ധരിച്ച് നടന്നെത്തിയ രണ്ട് പേർ മൂന്ന് റൗണ്ട് വെടിയുതിർത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

പാറശ്ശാല: കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണിന് (58) നേർക്ക് രണ്ട് പേർ വെടിയുതിർത്ത് ഓടി രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കളിയിക്കാവിളയിൽ ഡ്യൂട്ടിയിലായിരുന്ന ചെക്ക് പോസ്റ്റ് എസ്ഐയായിരുന്നു വിൽസൺ. കേരള - തമിഴ്നാട് അതിർത്തിയിൽ തമിഴ്ഡനാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എസ്ഐയാണ് വിൽസൺ. മണൽകടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രതികളിൽ ഒരാളെക്കുറിച്ച് കൃത്യമായ വിവരം തമിഴ്‍നാട് പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ രണ്ടാമൻ ആരാണെന്ന കാര്യം അന്വേഷിച്ച് വരുന്നതേയുള്ളൂ. പക്ഷേ ദൃക്സാക്ഷി വിവരങ്ങൾ തമിഴ്‍നാട് പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ തമിഴ്‍നാട് പൊലീസ് കേരളാ പൊലീസിന് കൈമാറിയിട്ടില്ല. സംഭവം നടന്ന ചെക്ക് പോസ്റ്റിന് തൊട്ടടുത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരിക്കുന്നത്.

മണൽമാഫിയയുമായി ബന്ധപ്പെട്ട ആളുകളാണ് ഇതിന് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്. ആക്രമണം നടത്തിയ ശേഷം അക്രമികൾ ഒരു സ്കോർപിയോ കാറിൽ രക്ഷപ്പെട്ടു എന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷി വിവരണങ്ങൾ വിശദമായി കേൾക്കുകയും ചെയ്ത ശേഷം പൊലീസ് എത്തിയിരിക്കുന്ന നിഗമനം ഇവർ രക്ഷപ്പെട്ടത് ഇരുചക്രവാഹനം വഴിയാണെന്നതാണ്. 

കളിയിക്കാവിള പൊലീസ് സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത ഒരു കൊലക്കേസുമായി ബന്ധപ്പെട്ടാണ് ആദ്യം അന്വേഷണം നീങ്ങിയത്. എന്നാൽ ആ കൊലക്കേസ് പ്രതിക്ക് ഇതുമായി ബന്ധമില്ലെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ക്വട്ടേഷൻ കൊലപാതകം തന്നെയാണ് ഇതെന്നും മണൽമാഫിയയുമായി ബന്ധപ്പെട്ടാകാം ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു. 

click me!