ഫ്ലാറ്റ് പൊളിക്കൽ ഡിസംബറിലോ ജനുവരിയിലോ നടക്കും; പ്രദേശവാസികൾക്ക് 100 കോടിയുടെ ഇൻഷുറൻസ്

By Web TeamFirst Published Oct 12, 2019, 1:11 PM IST
Highlights

മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ഛയങ്ങൾ എ‍ഡിഫെസ് എഞ്ചിനീയറിങ്ങ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾ പൊളിക്കുമെന്ന് സ്നേഹിൽ കുമാർ സിംഗ്. കമ്പനികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന നിലപാടിൽ മരട് നഗരസഭ. തീരുമാനമാകാതെ കൗൺസിൽ യോഗം പിരിഞ്ഞു.

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ഛയങ്ങൾ എ‍ഡിഫെസ് എഞ്ചിനീയറിങ്ങ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾ പൊളിക്കുമെന്ന് മരട് നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ്. ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുമതല ഇരുകമ്പനികളെയും ഏൽപ്പിച്ചതായി സ്നേഹിൽ കുമാർ സിംഗ് നഗരസഭാ കൗൺസിലിനെ അറിയിച്ചു. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ സ്ഫോടനം നടത്താനാണ് തീരുമാനം. ഗോൾ‍ഡൻ കായലോരം, ജെയിൻ കോറൽ കേവ് , ഹോളി ഫെയ്ത്ത് എന്നീ ഫ്ലാറ്റുകൾ എഡിഫെസ് എഞ്ചിനീയറിങ്ങും ആൽഫ സെറീന്റെ 2 ഫ്ലാറ്റ് സമുച്ഛയങ്ങൾ വിജയ് സ്റ്റീൽസും ആകും പൊളിക്കുക. മാലിന്യം നീക്കാൻ പ്രത്യേകം ടെൻ‍ഡൽ വിളിക്കാനും തീരുമാനമായി. സർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചായിരിക്കും ഫ്ലാറ്റ് പൊളിക്കൽ.

പ്രതിഷേധവുമായി നഗരസഭ കൗൺസിൽ

ആശങ്കകൾ പരിഹരിക്കാതെ കമ്പനികൾക്ക് അനുമതി നൽകാനാകില്ലെന്ന നിലപാടിലാണ് മരട് നഗരസഭാ കൗൺസിലിലെ അംഗങ്ങൾ. ഫ്ലാറ്റ് പൊളിക്കൽ നടപടികൾ സർക്കാർ ഇതുവരെ മറച്ചുവച്ചുവെന്നും നഗരസഭ കൗൺസിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഫ്ലാറ്റുകൾ പൊളിക്കാനുള്ള അംഗീകാരം നൽകാതെ കൗൺസിൽ പിരിഞ്ഞു .അടുത്ത ദിവസം വീണ്ടും യോഗം ചേർന്ന് തീരുമാനം എടുക്കും. കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

ബഹുനില കെട്ടിടങ്ങൾ പൊളിച്ചതിന്റെ അനുഭവ പരിചയം വിലയിരുത്തി ആണ് എഡിഫെസ് എൻജിനീയറിങിനെയും വിജയ് സ്റ്റീലിനെയും സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി ഫ്ലാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്തത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ വിദഗ്ധോപദേശം തേടാനായി സർക്കാർ നിയോഗിച്ച വിദഗ്ധൻ ശരത് ബി സർവാതെ ഇന്നലെ നടത്തിയ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.

100 കോടിയുടെ തേർ‍ഡ് പാർട്ടി ഇൻഷുറൻസ്

ഫ്ലാറ്റ് സമുച്ഛയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് 100 കോടിയുടെ തേ‍‍ർ‍‍ഡ് പാർട്ടി ഇൻഷുറൻസ് നൽകും. നേരത്തെ 50 മീറ്റർ പരിധിയിൽ ഉള്ളവർക്കാകും ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നറിയിച്ചിരുന്നത് എങ്കിലും സുരക്ഷ മുൻനിർത്തി ഇത് വിപുലപ്പെടുത്തുകയായിരുന്നു. പരിസരവാസികൾക്ക് 30 ദിവസം മുൻപ് നോട്ടീസ് നൽകും. പരിസരവാസികളുടെ ആശങ്ക പൂർണമായി അകറ്റും. ഇവരെ ജില്ലാ ഭരണകൂടം പുനരധിവസിപ്പിക്കും. പൊളിക്കൽ  നടപടികൾ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കാനാണ് നീക്കം.

'പ്രദേശവാസികൾക്ക് ആശങ്ക വേണ്ട'

പൂർണ സുരക്ഷ ഒരുക്കി ആകും ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടനം നടത്തുകയെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയം 4  മുതൽ 5  മണിക്കൂർ വരെ മാത്രം ആകും പരിസരവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുക. തേവര പാലത്തിലൂടെ ചരക്ക് ലോറി പോകുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ പകുതി മാത്രമേ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകൂവെന്നാണ് കളക്ടറുടെ വാക്ക്. 

Read More: മരടിലെ ഫ്ലാറ്റുകൾ പൊളിയ്ക്കാൻ വേണ്ടത് ആറ് സെക്കന്‍റ്: പൊളിക്കാൻ ചെലവ് മൂന്ന് കോടി രൂപ

'സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂലം സമീപത്തുള്ള ഒരു കെട്ടിടത്തിനും അപകടം ഉണ്ടാവില്ല.സ്ഫോടനം നടത്തുന്നതിന് മുൻപ് ഫ്ലാറ്റുകൾ മൂടി വയ്ക്കും. പൊടിപടലങ്ങൾ ൫ മിനിറ്റിനുള്ളിൽ താഴും. കൂടാതെ വെള്ളം ഉപയോഗിച്ച് പൊടി നിയന്ത്രിക്കും. കെട്ടിടത്തിന്റെ ഉയരം കൂടുന്നത് പൊളിക്കാൻ എളുപ്പം ആകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ഭാരം ഉള്ളത് കൊണ്ട് പൊളിക്കൽ വേഗത്തിൽ നടക്കും.  H2O നു അരികിലൂടെ പെട്രോളിയം പൈപ്പ് ലൈനും പാലവും കടന്നു പോകുന്നുണ്ട്. അതിനാൽ സ്ഫോടനം നടത്തുന്ന ദിവസം തീരുമാനിച്ചാൽ അടുത്തുള്ള വാട്ട‍‍ർ, ഇലക്ട്രിസിറ്റി,പെട്രോളിയം പൈപ്പ് ലൈനുകൾ താൽക്കാലികമായി വിച്ഛേദിക്കും. ഫ്ലാറ്റ് പൊളിക്കലിനായി ചെന്നൈ, കോഴിക്കോട് എൻ ഐ ടി യുടെയും കുസാറ്റിന്റെയും സാങ്കേതിക സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.

click me!