
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്. രാവിലെ റവന്യു ടവറിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ അടക്കമുള്ളവരും പങ്കെടുക്കും. ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്ബി സർവാതെയും യോഗത്തിൽ പങ്കെടുക്കും.
ഡിസംബർ അവസാന വാരം പൊളിക്കൽ തുടങ്ങുന്നതിനാണ് ഏകദേശ ധാരണ. കെട്ടിടങ്ങളെല്ലാം ഒരുമിച്ച് പൊളിക്കാൻ തയ്യാറാണെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആദ്യം ഒരു പാർപ്പിട സമുച്ഛയം പൊളിച്ചതിന് ശേഷം മതി മറ്റ് കെട്ടിടങ്ങൾ പൊളിക്കുന്നതെന്നാണ് സാങ്കേതിക സമിതിയിലെ ചില അംഗങ്ങളുടെ അഭിപ്രായം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗമാണ് അന്തിമ തീരുമാനമെടുക്കുക.
ഫ്ലാറ്റുകളുടെ ഓരോ നിലയിലും മൈക്രോ സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് സ്ഫോടനം നടക്കുക. അതിനാൽ കെട്ടിടങ്ങൾ ഘട്ടംഘട്ടമായാണ് ഭൂമിയിലേക്ക് അമരുക. ഇങ്ങനെ കെട്ടിടങ്ങൾ അമരുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്‍റെ ആഘാതം. പൊടിപടലം അടക്കമുള്ളവയുടെ കാര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗത്തിൽ ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam