
പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുന്നത് വൈകുകയാണ്.
വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി നടപടി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്ന് കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സമീപിയ്ക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്.
വിധി പകർപ്പ് കിട്ടാൻ വൈകിയതിനാലാണ് കോടതിയിലെത്താൻ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. കെപിഎംഎസ് ഏർപ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക. അതേസമയം, പോക്സോ കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഒക്ടോബർ 25നാണ് കേസിലെ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന റിലേ നിരാഹാര സമരം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam