Latest Videos

ഫ്ലാറ്റ് പൊളിക്കാന്‍ സമയക്രമമായി, ആശങ്കകള്‍ക്ക് പരിഹാരമായില്ല; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

By Web TeamFirst Published Dec 25, 2019, 7:03 AM IST
Highlights

ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍, ആല്‍ഫാ ഫ്ലാറ്റുകള്‍ ആദ്യ ദിവസം തന്നെ പൊളിക്കാന്‍ സബ് കളക്ടർ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം.

കൊച്ചി: മരടില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെയുള്ള സബ് കളക്ടറുടെ നടപടി ഏകപക്ഷീയമാണ് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യങ്ങളിലൊന്ന്. ഇവ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ഇതിനിടെയാണ് ആള്‍ത്താമസം കൂടുതലുള്ള പ്രദേശത്തെ ആല്‍ഫാ ഫ്ലാറ്റുകള്‍ ആദ്യ ദിവസം തന്നെ പൊളിക്കാന്‍ സബ് കളക്ടർ തീരുമാനിച്ചത്.

വീടുകള്‍ക്ക് കേടുപാടുണ്ടായാല്‍ നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാല്‍, ഇൻഷുറൻസ് നടപടികള്‍ വേണ്ടവിധം അറിയിക്കുന്നില്ലെന്ന പരാതിയുമായി നഗരസഭയും രംഗത്തെത്തി. ആശങ്കകള്‍ പരിഹരിക്കാതെ നടപടികളുമായി മുന്നോട്ട് പോയാല്‍ വീടുകളില്‍ നിന്നൊഴിയാതെ സമരം നടത്താനും നാട്ടുകാർ ആലോചിക്കുന്നുണ്ട്. അനുകൂല നടപടിയുണ്ടാകുന്നത് വരെ സബ് കളക്ടറുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്: 

ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

Also Read: നാല് മണിക്കൂർ, രണ്ട് ദിവസം: മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സമയക്രമമായി

click me!