Asianet News MalayalamAsianet News Malayalam

നാല് മണിക്കൂർ, രണ്ട് ദിവസം: മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സമയക്രമമായി

ജനുവരി 11, 12 തീയതികളിലായി, രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുക. സ്ഫോടനം നടക്കുന്ന നാല് മണിക്കൂർ നേരം മാത്രം പരിസരവാസികൾ സ്ഥലത്ത് നിന്ന് മാറിയാൽ മതി. ഒരു പ്രശ്നവും വരില്ലെന്ന് ജില്ലാ ഭരണകൂടം. 

maradu flats demolition time span and plan finalised decision on insurance too
Author
Kochi, First Published Dec 24, 2019, 6:41 PM IST

കൊച്ചി: മരടിൽ തീരദേശസംരക്ഷണനിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു. ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ആൽഫ ടവേഴ്‍സ്, ജെയ്ൻ കോറൽ കോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ജനുവരി 11-നും 12-ാം തീയതിയുമായി പൊളിച്ച് നീക്കുക. 

സമയക്രമം ഇങ്ങനെയാണ്: 

  • ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

ജനുവരി 11-ന് രാവിലെ 11 മണിക്ക് ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റ് സമുച്ചയമാണ്. ഇതിനായി സ്ഫോടന വസ്തുക്കൾ ഈ ഫ്ലാറ്റ് സമുച്ചയത്തിൽ നിറയ്ക്കാനുള്ള പ്രാരംഭ ജോലികൾ തുടങ്ങിയിട്ടുണ്ട്. ഇരട്ട സമുച്ചയമായ ആൽഫ സെറീൻ ടവേഴ്‍സ് പൊളിക്കാൻ പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിനുള്ള എല്ലാ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം, രണ്ടാം ദിവസമേ, ജെയ്ൻ കോറൽ കോവും, ഗോൾഡൻ കായലോരവും പൊളിയ്ക്കൂ. രാവിലെ 11 മണിക്ക് കോറൽ കോവ് പൊളിച്ച് നീക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് മാത്രമേ ഗോൾഡൻ കായലോരം പൊളിക്കൂ. 

സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂർ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികൾ മാറി നിൽക്കേണ്ടതുള്ളൂ എന്നാണ് കൊച്ചിയിൽ ചേർന്ന മേൽനോട്ട സമിതിയോഗത്തിൽ തീരുമാനമായത്. 

ഇൻഷൂറൻസിലും തീരുമാനം

സ്ഫോടനം നടത്താൻ തീരുമാനമായെങ്കിലും സമീപവാസികളുടെ ആശങ്ക ഇനിയും പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾ മുഖ്യമന്ത്രിയെ കണ്ട് ആശങ്കയറിയിച്ചിരുന്നു. ഇതിനിടയിലാണ് പൊളിക്കൽ തീയതി തീരുമാനിച്ച് സബ് കളക്ടർ സ്നേഹിൽ കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഷൂറൻസ് തുക അന്തിമമാക്കിയെങ്കിലും ഏതെങ്കിലും വീടുകൾക്കോ വസ്തുക്കൾക്കോ കേടുപാടുകളോ സംഭവിച്ചാൽ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നൽകുമെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ആകെ ഇൻഷൂറൻസ് തുക 95 കോടി രൂപയുടേതാണ്. 

  • ആൽഫ ടവർ 1,2 (രണ്ട് കെട്ടിടങ്ങൾ) - 1 മുതൽ 25 കോടി രൂപ വരെ, അങ്ങനെ രണ്ട് കെട്ടിടങ്ങൾക്കായി 50 കോടി രൂപ
  • എച്ച്ടുഒ ഹോളി ഫെയ്ത്ത് - 25 കോടി രൂപ
  • ജെയ്ൻ കോറൽ കോവ് - 10 കോടി രൂപ
  • ഗോൾഡൻ കായലോരം - 10 കോടി രൂപ

ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മേഖലയിലാണ് ആൽഫ ടവേഴ്‍സിന്‍റെ ഇരട്ടക്കെട്ടിടങ്ങളുള്ളത്. അതിനാലാണ് ഇവ രണ്ടിനുമായി 50 കോടി രൂപ ഏർപ്പെടുത്തിയത്. 

ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഫ്ലാറ്റുകളായ ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നിവയായിരിക്കണം ആദ്യദിവസം പൊളിക്കേണ്ടത് എന്നായിരുന്നു നാട്ടുകാരുടെ പ്രധാനആവശ്യം. ഇതിന്‍റെ ആഘാതം എത്രത്തോളമെന്ന് മനസ്സിലാക്കിയ ശേഷമേ ജനസാന്ദ്രതയുളള മേഖലകളിലെ ഫ്ലാറ്റുകൾ പൊളിക്കാവൂ.

നാശനഷ്ടമുണ്ടാകുന്ന സമീപത്തെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. വിപണി വിലയ്ക്കനുസരിച്ച് ഇൻഷുറൻസ് തുക നൽകുകയോ വീട് പുനർനിർമിച്ച നൽകുകയോ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. മരട് മുൻസിപ്പൽ ചെയർപേഴ്സനും കൗൺസിലർമാരും ആക്ഷൻ കൗൺസിൽ പ്രതിനിധികളും അടക്കമാണ് മുഖ്യമന്ത്രിയെ കണ്ടത്.

എന്നാൽ ഇത് സംയുക്തസമിതി അംഗീകരിച്ചിട്ടില്ല. ആദ്യ ദിവസം പൊളിക്കുന്നത് ഹോളി ഫെയ്‍ത്ത്, ആൽഫ സെറീൻ ടവേഴ്‍സ് എന്നിവ തന്നെയാണ്. 

തീരദേശസംരക്ഷണ നിയമം ലംഘിച്ചതിന് മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. ഇതിനെതിരെ ഫ്ലാറ്റുടമകളും സമീപവാസികളും അടക്കം തിരുത്തൽ ഹർജികളടക്കം നൽകിയെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. 

Follow Us:
Download App:
  • android
  • ios