മരടിലെ ഫ്ലാറ്റുകൾ: വൻ തകർച്ചയിലേക്കെത്തിയ നിയമപോരാട്ടം, നാൾവഴി ഇങ്ങനെ

By Web TeamFirst Published Jan 11, 2020, 7:07 AM IST
Highlights

കായലുകളും കണ്ടൽക്കാടുകളും നിറഞ്ഞതാണ് കൊച്ചിയിലെ മരട് ഗ്രാമപഞ്ചായത്ത്. ഇവിടെ 2006 ൽ ആരംഭിച്ച ഫ്ലാറ്റ് നിർമ്മാണം നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദ സംഭവങ്ങൾക്കും ശേഷമാണ് പൊളിക്കുന്നത്

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആൽഫ സറീനും പൊളിക്കും. ഫ്ലാറ്റുകൾ തകരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, 2006 മുതൽ തുടങ്ങിയ നിയമലംഘനങ്ങളുടേയും നിയമപോരാട്ടത്തിന്റേയും നാൾവഴി ഇങ്ങനെയാണ്.

കായലുകളും കണ്ടൽക്കാടുകളും നിറഞ്ഞതാണ് കൊച്ചിയിലെ മരട് ഗ്രാമപഞ്ചായത്ത്. ഇവിടെ 2006 ൽ ആരംഭിച്ച ഫ്ലാറ്റ് നിർമ്മാണം നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദ സംഭവങ്ങൾക്കും ശേഷമാണ് പൊളിക്കുന്നത്. 2006 ഓഗസ്റ്റിലാണ് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ 4 ഫ്ലാറ്റുകളുടെ പണിതുടങ്ങി. എന്നാൽ ഫ്ലാറ്റുകൾ പണിയുന്ന സ്ഥലം സിആർഇസഡ് പരിധിയിൽ വരുന്നതാണെന്ന് പഞ്ചായത്ത് വിജിലൻസ് കണ്ടെത്തിയത് 2007ലാണ്. 

തീരദേശപരിപാലന നിയമം ലംഘിച്ചതിനാൽ നിർമ്മാണ അനുമതി റദ്ദാക്കാൻ സർക്കാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത് 2007 മെയ് 15 നാണ്. 2007 ജൂണിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകി.  ജൂലെയിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ ഫ്ലാറ്റുടമകൾ നേരെ ഹൈക്കോടതിയെ സമീപിച്ചു. 2007 ജൂലെ 31 ന് കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി, പഞ്ചായത്തിനോട് സ്റ്റോപ് മെമ്മോ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്ത് നടപടിയെടുത്തില്ല. ഇതോടെ ഫ്ലാറ്റ് നിർമ്മാതാക്കൾ പണിയുമായി മുന്നോട്ട് പോയി. 

തീരദേശപരിപാലന അതോറിറ്റി കേസിലെ നാലാം കക്ഷിയായത് 2007 ഒക്ടോബറിലാണ്. 2010 ഡിസംബർ 10 ന് മരട് പഞ്ചായത്ത് മുൻസിപ്പാലിറ്റിയായി ഉയർത്തിയതോടെ വിവാദങ്ങൾ വീണ്ടും വെളിച്ചത്തിലേക്ക് എത്തി. 2012 സെപ്തംബർ 19ന് ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് അനുകൂലവിധിയുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച് രംഗത്തെത്തി.

സിംഗിൾ ബഞ്ച് വിധിക്കെതിരെ മരട് മുൻസിപ്പാലിറ്റി വീണ്ടും ഹൈക്കോടതിയിലേക്ക് പോയത് 2013ലാണ്. 2015 ൽ നഗരസഭയുടെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ഇതോടെ 2015 സെപ്തംബർ 19 ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തീരദേശപരിപാലന അതോറിറ്റി സുപ്രീംകോടതിയിലേക്ക് പോയി. നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2019 മെയ് 5ന് സുപ്രീംകോടതിയുടെ അന്ത്യശാസനമെത്തി.

നിയമം ലംഘിച്ച് പണിതുയർത്തിയ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ജസ്റ്റിസ് അരുൺ മിശ്രയും നവിൻസിൻഹയും ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. ഫ്ലാറ്റുടമകളുടെ പ്രതിഷേധവും രാഷ്ട്രീയപാർട്ടികളുടെ വാഗ്ദാനവും സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും 5 മാസം കൊണ്ടവസാനിച്ചു. 2019 ഒക്ടോബർ ആദ്യവാരത്തോടെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ പൂർണമായും ഒഴിപ്പിച്ചു. മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നിർമ്മാണാനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിയടക്കം നിരവധി പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 

ഒക്ടോബർ 12 ന് എഡിഫെസ് എഞ്ചിനീയറിംഗിനും വിജയസ്റ്റീൽസിനും ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ നൽകി. ഡിസംബറോടെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി 246 ഫ്ലാറ്റുടമകൾക്ക് ഇടക്കാലനഷ്ടപരിഹാരമായ 25 ലക്ഷം രൂപ വീതം നൽകാൻ ശുപാർശ ചെയ്തു. പുതുവർഷം പിറന്നതോടെ കൗണ്ട് ഡൗൺ തുടങ്ങി. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനും ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കാനും തിരക്കിട്ട നീക്കങ്ങൾ നടത്തി. ഒടുവിൽ ചരിത്രത്തിലെ അടയാളപ്പെടുത്തലാവും ഇന്നും നാളെയും നടക്കുന്ന സ്ഫോടനങ്ങൾ.

2006 ഓഗസ്റ്റ്: ഫ്ലാറ്റ് നിർമ്മാണം തുടങ്ങി
2007-നിയമലംഘനം കണ്ടെത്തി
2007 മെയ് 15- നിർമ്മാണ അനുമതി റദ്ദാക്കണമെന്ന് സർക്കാർ
2007 ജൂൺ- പഞ്ചായത്ത് കാരണംകാണിക്കൽ നോട്ടീസ് നൽകി
2007 ജൂലൈ- ഫ്ലാറ്റുടമകൾ ഹൈക്കോടതിയിലേക്ക്
2007 ജൂലൈ 31-കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
2007 ഒക്ടോബർ-തീരദേശപരിപാലന അതോറിറ്റി കേസിൽ കക്ഷിചേർന്നു
2010 ഡിസംബർ 10-മരട് പഞ്ചായത്ത് മുൻസിപ്പാലിറ്റിയായി
2012 സെപ്തംബർ 19-ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് ഹൈക്കോടതിയുടെ അനുകൂലവിധി
2013-സിംഗിൾ ബഞ്ച് വിധിക്കെതിരെ മുൻസിപ്പാലിറ്റിയുടെ അപ്പീൽ
2015- മുൻസിപ്പാലിറ്റിയുടെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി
2015 സെപ്തംബർ 15- തീരദേശപരിപാലനഅതോറിറ്റി സുപ്രീംകോടതിയിലേക്ക്
2019 മെയ് 5- ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി
2019 ഒക്ടോബർ 12- ഫ്ലാറ്റുകൾ പൊളിക്കാൻ കന്പനികൾക്ക് കരാർ
2019 ഡിസംബർ- ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശ
2020 ജനുവരി 4-സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നു

click me!