
കൊച്ചി: മരടിൽ പൊളിക്കുന്ന നാല് അപ്പാർട്ട്മെന്റുകളിൽ ഏറ്റവുമധികം ജനവാസമുള്ളത് ആൽഫ സെറീനിന് ചുറ്റുമാണ്. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ സംബന്ധിച്ചാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടാകാതെയും അവശിഷ്ടങ്ങൾ കായലിലേക്ക് പതിക്കാതെയും ആൽഫ സെറീനിന്റെ ഇരട്ട ടവറുകൾ പൊളിക്കുക വെല്ലുവിളിയാണ്.
കുണ്ടന്നൂർ കായൽ തീരത്ത് ലേ മെറീഡിയൻ ഹോട്ടലിന് സമീപം പതിനാറ് നിലകൾ വീതമുള്ള ആൽഫ സെറീനിന്റെ ഇരട്ട കെട്ടിടങ്ങൾ ഇന്ന് 12 മണിക്ക് നിലംപൊത്തും. രണ്ട് ടവറിനും ഇടയിലെ സ്ഥലത്ത് ആറ് നില കെട്ടിടത്തിന്റെ ഉയരത്തിൽ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടും. ഗ്രൗണ്ട് ഫ്ലോറിലും ഒന്ന്,രണ്ട്,അഞ്ച്,ഏഴ്,ഒൻപത്,11,14 നിലകളിലും സ്ഫോടനം നടത്തും. 5.37 ഏക്കറിൽ 5.7 ലക്ഷം സ്ക്വയർ ഫീറ്റുള്ള ആൽഫ സെറീനിന്റെ സമീപത്തുള്ളത് നാൽപ്പതോളം വീടുകളാണ്.
ആൽഫ സെറീൻ പൊളിക്കാൻ കരാറെടുത്ത ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസിനെതിരെ ഉയർന്നത് നിരവധി പ്രതിഷേധങ്ങളാണ്. മാനദണ്ഡങ്ങൾ പാലിച്ചില്ല, സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയില്ല, അശാസ്ത്രീയമായാണ് പൊളിക്കുന്നത് എന്നിങ്ങനെ നാട്ടുകാർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ ഏറെയാണ്.
ഫ്ലാറ്റ് തകർക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ തന്നെ പതിനെട്ടോളം വീടുകൾക്ക് വിള്ളൽ വീണിരുന്നു. എന്നാൽ ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം സമീപത്തെ വീടുകളെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് അധികൃതർ. കായലിൽ നിന്ന് പതിമൂന്ന് മീറ്ററിൽ താഴെ മാത്രം അകലെയാണ് ഫ്ലാറ്റ്. പൊളിക്കുമ്പോൾ അഞ്ച് ശതമാനത്തോളം അവശിഷ്ടങ്ങൾ കായലിൽ പതിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam