മരട് ഫ്ലാറ്റ് പൊളിക്കൽ സമയക്രമം മാറ്റിയേക്കില്ല: സാങ്കേതിക സമിതി യോഗത്തിൽ തീരുമാനമില്ല

By Web TeamFirst Published Jan 3, 2020, 6:26 PM IST
Highlights

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. നാളെ സ്‌ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങുമെന്നും സബ് കളക്ടർ.

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ സമയക്രമം മാറ്റിയേക്കില്ല. ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിൽ അന്തിമ തീരുമാനമായില്ല. സമയം മാറ്റുന്ന കാര്യത്തിൽ പൊളിക്കൽ കമ്പനികൾ മറുപടി തന്നിട്ടില്ല എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. സമയക്രമമാറ്റം പരിസരവാസികളുടെ അപേക്ഷ മാത്രമാണ് അതിൽ പ്രത്യേകിച്ച് കാര്യമില്ലെന്നും സബ് കളക്ടർ പറഞ്ഞു. 

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. നാളെ സ്‌ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങുമെന്നും സബ് കളക്ടർ അറിയിച്ചു. കമ്പനികൾ അനുകൂല മറുപടി തന്നാൽ സമയക്രമം മാറ്റുന്ന കാര്യം ആലോചിക്കും. ആൽഫാ, ഹോളി ഫെയ്‍ത്ത് ഫ്ലാറ്റുകൾക്ക് സമീപത്ത് നിന്ന് 133 കുടുംബങ്ങളെ ഒഴിപ്പിക്കണം. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെ  ഒഴിപ്പിക്കും. സമയക്രമം തീരുമാനിക്കുന്നതിൽ അന്തിമ തീരുമാനം നാളെ വൈകിട്ട് ഉണ്ടാകുമെന്നും സബ് കളക്ടർ അറിയിച്ചു.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്: 

ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

click me!