മരടിൽ ഐഒസി പൈപ്പ് ലൈൻ സുരക്ഷിതമാക്കാൻ മണൽചാക്കുകൾ, നാളെ സ്ഫോടകവസ്തു നിറച്ച് തുടങ്ങും

By Web TeamFirst Published Jan 2, 2020, 12:21 PM IST
Highlights

എച്ച്‍ടു ഒ ഹോളി ഫെയ്‍ത്ത് ഫ്ലാറ്റിന്‍റെ മുന്നിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും രണ്ട് ലൈനുകളാണുള്ളത്. ഫ്ലാറ്റ് പൊളിഞ്ഞ് വീഴുമ്പോൾ പൈപ്പിനുണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കാനാണ് മണൽച്ചാക്ക് നിറയ്ക്കുന്നത്. 

കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിയ്ക്കുന്നതിന് സമീപത്തുള്ള പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഫ്ലാറ്റ് പൊളിക്കൽ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട്. ജനുവരി 11-ന് ആദ്യം പൊളിക്കുന്ന ഹോളി ഫെയ്‍ത്ത് എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ രണ്ട് പൈപ്പ് ലൈനുകൾക്ക് മുകളിൽ മണൽച്ചാക്ക് നിറയ്ക്കുന്ന പ്രക്രിയ തുടങ്ങി. 

പെട്രോളും ഡീസലും ലിക്വിഫൈഡ് രൂപത്തിൽ കടന്നു പോകുന്ന പൈപ്പ് ലൈനാാണ് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിന് മുൻവശത്തുള്ളത്. കുണ്ടന്നൂർ കായലിന് കീഴെ നിന്ന് എത്തി ഫ്ലാറ്റിന്‍റെ മതിലിനോട് ചേർന്നാണ് ഈ പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഈ പ്രദേശത്ത് കൂടി, നൂറ് മീറ്റർ നീളത്തിലാണ് എം-സാൻഡ് നിറച്ച മണൽച്ചാക്കുകൾ രണ്ട് തട്ടായി നിറയ്ക്കുന്നത്. സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ പൊളിഞ്ഞ് വീഴുമ്പോൾ, ഈ പൈപ്പുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് മണൽച്ചാക്കുകൾ നിറച്ച് വയ്ക്കുന്നത്. 

പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള തീയതികളിൽ ഈ പൈപ്പ് ലൈനുകൾ വഴിയുള്ള പെട്രോൾ, ഡീസൽ വിതരണം പൂർണമായും നിർത്തി വയ്ക്കും. പകരം ഈ പൈപ്പ് ലൈനുകളിൽ വെള്ളം നിറയ്ക്കും. ഈ മാസം എട്ടാം തീയതിയോടെയാകും ഈ പ്രക്രിയകൾ നടക്കുക. സ്ഫോടനം കഴിഞ്ഞ ശേഷം, കെട്ടിടങ്ങളിലെ അവശിഷ്ടങ്ങളടക്കം എടുത്ത് മാറ്റിയ ശേഷം മാത്രമേ ഇത് വഴിയുള്ള ഇന്ധനവിതരണം പുനഃസ്ഥാപിക്കൂ. അതും പൈപ്പ് ലൈനുകൾക്ക് കേടുപാടുകളോ, ചോർച്ചയോ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ വിദഗ്‍ധരെത്തി വിശദമായ പരിശോധന നടത്തിയ ശേഷം മാത്രം.

എല്ലാ ഫ്ലാറ്റുകൾക്ക് മുന്നിലും പ്രവേശനം നിരോധിച്ച് ജില്ലാ ഭരണകൂടം ബോർഡുകളും ഫ്ലക്സുകളും സ്ഥാപിച്ച് കഴിഞ്ഞു. അപായം എന്നെഴുതിയിരിക്കുന്ന ബോർഡുകളിൽ, സ്ഫോടനം നടക്കുന്ന മേഖലയിലേക്ക് അംഗീകൃത വ്യക്തികൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

സ്ഫോടനവസ്തുക്കൾ നാളെ നിറയ്ക്കും

ആദ്യം സ്ഫോടനം നടക്കുന്നത് ഹോളി ഫെയ്‍ത്ത് എച്ച്ടുഒ, ആൽഫ സെറീൻ ഫ്ലാറ്റുകളുടെ ഇരട്ടസമുച്ചയങ്ങൾ എന്നിവിടങ്ങളിലാണ്. ജനുവരി 11-നാണ് ആദ്യസ്ഫോടനം. രണ്ടാം സ്ഫോടനം നടക്കുന്നത് ജെയ്ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളിലാണ്.

ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ആൽഫ ടവേഴ്‍സ്, ജെയ്ൻ കോറൽ കോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ജനുവരി 11-നും 12-ാം തീയതിയുമായി പൊളിച്ച് നീക്കുക. 

സമയക്രമം ഇങ്ങനെയാണ്: 

  • ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
  • ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

ആദ്യം പൊളിയ്ക്കൽ നടക്കുന്ന ഹോളി ഫെയ്ത്തിലും ആൽഫ സെറീൻ ടവേഴ്‍സിലുമാണ് നാളെ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. അതിന് ശേഷം, മറ്റ് രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലും സ്ഫോടകവസ്തുക്കൾ നിറയ്ക്കും.

ഇന്ന് ചർച്ച, പ്രതീക്ഷയോടെ നാട്ടുകാർ

മരടില്‍ നിരാഹാരം തുടരുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഇന്ന് ചർച്ച നടത്തും. നെട്ടൂരിലെ ആല്‍ഫാ സെറീൻ ഫ്ലാറ്റിന് സമീപം ഇന്നലെയാണ് നാട്ടുകാർ നിരാഹാരസമരം തുടങ്ങിയത്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീൻ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, പൊളിക്കല്‍ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹില്‍ കുമാർ, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, മരട് നഗരസഭാ അധ്യക്ഷ എന്നിവർക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ഫ്ലാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം ഹർത്താല്‍ ആചരിക്കാൻ നെട്ടൂരിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുമായും നിരന്തരം ചർച്ചകള്‍ നടത്തി വരുന്നതായി കളക്ടർ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആറ് മണിക്കൂർ നീളുമെന്നാണ് കണക്കുകൂട്ടല്‍. പിഴവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ട്രയല്‍ റണ്ണും നടത്തും.

click me!