'ലോകകേരളസഭ ഭൂലോക തട്ടിപ്പ്', സിപിഎമ്മിന് ഫണ്ട് കൊടുക്കുന്നവർക്കുള്ള വിരുന്നെന്ന് വി മുരളീധരൻ

By Web TeamFirst Published Jan 2, 2020, 12:01 PM IST
Highlights

ഏത് വിഷയത്തിലും പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും പക്ഷേ, അതിന് ഒരു സ്വകാര്യ ബില്ലിന്‍റെ വില പോലുമില്ലെന്നും വി മുരളീധരൻ.

ദില്ലി: ലോക കേരള സഭ സമ്മേളനത്തെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്ന് കേന്ദ്രമന്ത്രി ദില്ലിയില്‍ പറഞ്ഞു. സിപിഎമ്മിന് ഫണ്ട് നൽകുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി ലോക കേരള സഭ സമ്മേളനം മാറി. സഭയിൽ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ലെന്ന് വി മുരളീധരൻ പറഞ്ഞു.

പ്രവാസി ക്ഷേമത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വി മുരളീധരൻ വിമര്‍ശിച്ചു. അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ല. പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കിയ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് വിഷയത്തിലും പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും പക്ഷേ, അതിന് ഒരു സ്വകാര്യ ബില്ലിന്‍റെ വില പോലുമില്ലെന്നും വി മുരളീധരൻ പറഞ്ഞു. പ്രമേയം പാസാക്കാൻ പ്രത്യേക സമ്മേളനം വിളിച്ചത് ധൂർത്താണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ലോക കേരള സഭ സമ്മേളനം വി മുരളീധരൻ ബഹിഷ്കരിച്ചിരുന്നു. ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ വി മുരളീധരൻ ആയിരുന്നു മുഖ്യാതിഥി. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇതിനിടെ, യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനക്കത്തയച്ചു. ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. കത്ത് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിന് നന്ദി അറിയിക്കുകയും ചെയ്തു.

പ്രതിരോധത്തിലായ പ്രതിപക്ഷം മുഖ്യമന്ത്രി രാഹുലിന്‍റെ മാന്യത പിണറായി വിജയൻ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് വിമർശിച്ചു. രാഹുലിന്‍റെ പേരിൽ വിവാദം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിക്ക് യോജിച്ച നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. 

Also Read: രാഹുലിന്‍റെ മാന്യത ചൂഷണം ചെയ്തത് ശരിയായില്ല; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

47 രാജ്യങ്ങളിൽ നിന്നുളള 351 പ്രതിനിധികളാണ് ലോക കേരള സഭയുടെ സമ്മേളനത്തിൽ പങ്കെടുക്കുക. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതില്‍ ഉൾപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍  28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു പങ്കെടുത്തിരുന്നത്. ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. 

click me!