മരടിൽ നിയമം ലംഘിച്ച നിർമ്മാതാക്കൾ സർക്കാർ പദ്ധതിയിലും; ഹോളി ഫെയ്ത് സർക്കാരിനായി നിർമ്മിക്കുന്നത് 296 ഫ്ലാറ്റുകൾ

By Web TeamFirst Published Sep 16, 2019, 10:45 AM IST
Highlights

മരടില്‍ ഉളളതെല്ലാം വിറ്റുപെറുക്കി ഫ്ലാറ്റുകൾ വാങ്ങിയ സാധാരണക്കാരല്ല കയ്യേറ്റം നടത്തിയ ബിൽ‍ഡർമാരാണ് യഥാർഥ കുറ്റക്കാർ എന്ന വിമർശനം ഉയരുന്നുണ്ട്. ഇവർക്കെതിരെ സർക്കാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് സർക്കാരിന്‍റെ ഭവനപദ്ധതിയിൽ ഈ ബിൽ‍ഡർമാർ പങ്കാളികളാണെന്ന യാഥാർഥ്യം പുറത്തുവരുന്നത്.

കൊച്ചി: കൊച്ചി മരടിൽ നിയമംലംഘിച്ച് വമ്പൻ ഫ്ലാറ്റുകൾ പണിതുയർത്തിയ ബിൽഡർമാർ സംസ്ഥാന സർക്കാരിന്‍റെ  ഭവന നിർമാണ പദ്ധതിയിലെ പങ്കാളികൾ. അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാ‍ർക്കായി സർക്കാർ നിർമിക്കുന്ന  ജനനി പദ്ധതിയിലെ വമ്പൻ ഫ്ളാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരിൽ പണിതുയർത്തുന്നത് മരടിൽ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത് ബിൽഡേഴ്സാണ്.

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ ഉളളതെല്ലാം വിറ്റുപെറുക്കി ഫ്ലാറ്റുകൾ വാങ്ങിയ സാധാരണക്കാരല്ല കയ്യേറ്റം നടത്തിയ ബിൽ‍ഡർമാരാണ് യഥാർഥ കുറ്റക്കാർ എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇവർക്കെതിരെ സർക്കാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് സർക്കാരിന്‍റെ ഭവനപദ്ധതിയിൽ ഈ ബിൽ‍ഡർമാർ പങ്കാളികളാണെന്ന യാഥാർഥ്യം പുറത്തുവരുന്നത്.

ജനനി പദ്ധതിയുടെ കീഴിലുളള പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്കീമില്‍  296 അപാർട്മെമന്‍റുകളാണ് മരടിൽ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത്ത് ബിൽഡേഴ്സ് സംസ്ഥാന സർ‍ക്കാരിനായി നിർമിച്ച് നൽകുന്നത്. 2017ൽ തുടങ്ങിയ പദ്ധതിയിലെ 74 ഫ്ലാറ്റുകളുടെ നിർമാണം പോലും ഇതേവരെ പൂർത്തിയായിട്ടില്ല. ബാക്കിയുളളവ പൂ‍ർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കും. ഫ്ലാറ്റ് പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമി പിന്നിട് നിർമാണത്തിനായി ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു. മരടിലെ താമസക്കാരെ കുടിയിറക്കാൻ നടപടി നിർദേശിച്ച ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് സംസ്ഥാന സർക്കാരിന്‍റെ ഭവനം പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് ഹോളി ഫെയ്ത് ബിൽഡേഴ്സിന്  പദ്ധതിച്ചുമതല കൈമാറിയത്

കൊച്ചി മരടിൽ നിയമംലംഘനം നടത്തി ഫ്ലാറ്റുകൾ പണിതുവിറ്റ ബിൽ‍‍ഡർമാർ  തങ്ങൾക്കിനി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതിനിടെയാണ്  ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം ആവശ്യമെങ്കിൽ ബിൽ‍ഡർമാരിൽ നിന്ന് ഈടാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇതെല്ലാം നിലനിൽക്കെയാണ് ബിൽ‍‍ഡർമാരെ ഇരുട്ടത്ത് നിർത്തി സർക്കാരിന്‍റെ ഒളിച്ചുകളി. 

click me!