മരട് ഫ്ലാറ്റ്: അടിയന്തര സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

Published : Sep 12, 2019, 05:10 PM ISTUpdated : Sep 12, 2019, 05:14 PM IST
മരട് ഫ്ലാറ്റ്: അടിയന്തര സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

Synopsis

യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണം. കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന്  മുന്‍കാല പ്രാബല്യം നൽകുവാൻ കേന്ദ്രത്തെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. 

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് അദ്ദേഹം കത്തില്‍ വിശദമാക്കി.

സെപ്റ്റംബര്‍ ഇരുപതിനകം മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന്  മുന്‍കാല പ്രാബല്യം നൽകുവാൻ കേന്ദ്രത്തെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതിനായി  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഖിലകക്ഷി നിവേദക സംഘം ഉടന്‍ ദില്ലിക്ക് പോകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.  

സുപ്രീംകോടതി പരിശോധിച്ച നിയമ-സാങ്കേതിക വശങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് കാണിക്കുന്ന താല്പര്യവും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ല. എന്നാല്‍ നിയമവശങ്ങള്‍ പരിശോധിച്ചും ശരിയായ അനുമതി ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയും നിര്‍മ്മാണം നടത്തേണ്ട കെട്ടിട നിര്‍മ്മാതാക്കള്‍ വില്പന പൂര്‍ത്തിയാക്കിയതിനുശേഷം രംഗത്തില്ല. അവിടെ താമസിക്കുന്ന 357 കുടുംബങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രക്തസാക്ഷികള്‍. ഒരു തെറ്റും ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും കെട്ടിടം നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദു:ഖകരമായ സ്ഥിതയാണ് മരട് ന​ഗരസഭയിൽ സുപ്രീംകോടതി വിധി മൂലം ഉണ്ടായിരിക്കുന്നത്. 

സുപ്രീംകോടതി വിധി നടപ്പിലാക്കുവാനുള്ള സർക്കാരിന്റെ നിയമപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരുകയും താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ഉമ്മൽ ചാണ്ടി നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.

1) അഞ്ച് വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ അവിടത്തെ വെള്ളക്കെട്ടുകളില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ഗുരുതരമെന്നു കോടതിയെ ബോധ്യപ്പെടുത്തണം. ഇത്രയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുവാനുള്ള സാങ്കേതിക-പ്രായോഗിക ബുദ്ധിമുട്ടുകളും കോടതിയെ അറിയിക്കണം. ഇതിനു വരുന്ന ഭാരിച്ച ചെലവും പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ലക്ഷക്കണക്കിനു ടണ്‍ വസ്തുക്കള്‍ വെള്ളക്കെട്ടുകള്‍ നശിപ്പിക്കുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയും അസ്ഥാനത്തല്ല.

2) പത്തു വര്‍ഷമായി അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ അറിയിക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയുള്ള സുപ്രീംകോടതി വിധി മൂലം എല്ലാവര്‍ക്കും നീതി ലഭിക്കുന്നുവെന്ന് അവകാശപ്പെടുവാന്‍ സാധിക്കില്ല. ഇവരുടെ വാദം കൂടി കേള്‍ക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന സർക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) ഫ്ലാറ്റുകളിൽ താമസിക്കുവരുടെ ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ പുറത്തിറക്കിയ തീരദേശ വിജ്ഞാപനമാണ്. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് പൊളിച്ചു മാറ്റുവാന്‍ നോട്ടീസ് നൽകിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ച് കളഞ്ഞ് അതേ സ്ഥലത്ത് പുതുതായി പണിയാം. പുതിയ തീരദേശ വിജ്ഞാപനത്തില്‍ ഈ പ്രദേശത്തെ തീരദേശ നിയന്ത്രണ മേഖല കാറ്റഗറി 3-ല്‍ നിന്നും 2 ആക്കി മാറ്റിയതുകൊണ്ടാണ് ഇത് സാധിക്കുന്നത്. 

ഈ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നൽകിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ആവശ്യമായ നിയമ സാധുത ഇല്ലാതെ പണിത കെട്ടിട സമുച്ചയങ്ങള്‍ക്ക് പിഴ ഈടാക്കി, ഇവയെ നിയമാനുസൃതമാക്കുതിന് കേന്ദ്ര സർക്കാരിൽ ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി കത്തിൽ ആവശ്യപ്പെട്ടു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്