മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും, ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി മരവിപ്പിച്ചു

By Web TeamFirst Published Oct 16, 2019, 9:17 AM IST
Highlights

മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ക്രൈംബ്രാഞ്ച്. കൊച്ചിയിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ റവന്യൂ - ക്രൈംബ്രാഞ്ച് സംയുക്ത യോഗം ഇന്ന് ചേരും. 

കൊച്ചി: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്‍ത്ത് ബിൽഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കടുത്ത നടപടിയിലേക്ക് തന്നെ നീങ്ങുകയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.

മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് തന്നെ ഈടാക്കി നൽകാമെന്ന സുപ്രീംകോടതി വിധിയിലെ പരാമർശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്. നാല് ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷം സ്വത്ത് കണ്ടുകെട്ടി, ഇതിൽ നിന്ന് നഷ്ടപരിഹാരം നൽകാനാണ് തീരുമാനമെന്നാണ് സൂചന. 

ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്തയോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്. ഈ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്. 

ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ബിൽഡേഴ്‍സ്, ആൽഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാൻ റവന്യൂ, റജിസ്ട്രേഷൻ വകുപ്പുകൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായിട്ടാണ് ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചത്. 

അതേസമയം, ഗോൾഡൻ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ആരും ഗ്രൂപ്പിനെതിരെ പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. 

തുടർനടപടികൾ തീരുമാനിക്കാൻ ഇന്ന് റവന്യൂ വകുപ്പിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്തയോഗം കൊച്ചിയിൽ ചേരുന്നുണ്ട്. സ്വത്ത് വകകൾ കണ്ടുകെട്ടുകയും, ഇതിന് ശേഷം എന്തെല്ലാം നടപടികൾ വേണമെന്നും തീരുമാനിക്കാനാണ് യോഗം. 

ഇതിനിടെ, അറസ്റ്റിലായ ഫ്ലാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുക.

കഴിഞ്ഞ ദിവസമാണ് ഹോളിഫെയ്ത്ത് ഉടമ,  മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

ഇതിനിടെ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി പരിസരവാസികളുടെ ആശങ്ക അകറ്റാനുള്ള യോഗം രാവിലെ 11ന് ചേരും. ഫ്ലാറ്റുകൾ എത്ര രൂപയ്ക്കാണ് ഉടമകൾക്ക് വില്പന നടത്തിയതെന്ന സത്യവാങ്മൂലം, കെട്ടിട നിർമാതാക്കൾ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി മരട് നഗരസഭാ സെക്രട്ടറിയ്ക്ക് കൈമാറാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പൊളിക്കാനുള്ള ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനം ആയേക്കും.

click me!