ജലീലിനെതിരെ പ്രതിപക്ഷം കടുപ്പിച്ച് തന്നെ, രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും

By Web TeamFirst Published Oct 16, 2019, 7:03 AM IST
Highlights
  • മാർക്ക് കൂട്ടിയിട്ടതോടെ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടും
  • ജലീലിനെതിരെ ആക്രമണം കടുപ്പിക്കാൻ പ്രതിപക്ഷം
  • സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗവർണറെ കാണും 

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവ‌ർണറെ കാണും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

മാർക്ക് ദാനവിവാദത്തിൽ തെളിവുണ്ടെങ്കിൽ ഗവർണറെ സമീപിക്കാൻ മന്ത്രി കെടി ജലീൽ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് ഗവർണറെ കാണാൻ രമേശ് ചെന്നിത്തല തീരുമാനിച്ചത്.

Read more at: എംജിയിലെ മാര്‍ക്ക് ദാനം: മന്ത്രിയുടേയും വിസിയുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ

ഉന്നതവിദ്യാഭ്യാസമന്ത്രിയെ മാറ്റി നിർത്തി നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെടും. ഒപ്പം സാങ്കേതികസർവകലാശാലയിലേയും എം ജി സർവകലാശാലയിലേയും മാർക്ക് ദാനത്തിലൂടെ എഞ്ചിനീയറിംഗ് ഡിഗ്രി ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടും.എം ജി സർവകലാശാല വൈസ് ചാൻസല‌ർക്കെതിരെയും സിൻഡിക്കേറ്റിനെതിരെയും നടപടി വേണമെന്നും ചെന്നിത്തല ഗവർണറോട് ആവശ്യപ്പെടും. ഇതിനിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ ഉദ്ഘാടനസമ്മേളത്തിൽ മാത്രമാണ് പങ്കെടുത്തതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. 

''ഞാൻ ചാലഞ്ച് ചെയ്യുന്നു. മന്ത്രിയുടെ എത്ര പ്രൈവറ്റ് സെക്രട്ടറിമാരുണ്ടായിരുന്നു അവിടെ എന്നതിന് തെളിവുണ്ട്. ആ പരിപാടിയുടെ വീഡിയോ ഫൂട്ടേജ് പൂർണമായും പുറത്തുവിടട്ടെ, എം ജി സർവകലാശാല തയ്യാറായില്ലെങ്കിൽ ഞാനത് പുറത്തുവിടാൻ തയ്യാറാണ്'', കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

5 മാർക്ക് കൂട്ടി നൽകിയതോടെ എഞ്ചിനീയറിംഗ് ഡിഗ്രി പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ ഉടൻ പുറത്ത് വിടാനാണ് പ്രതിപക്ഷനീക്കം. 

click me!