'മരട് ഫയലുകൾ' പരിശോധിച്ച് ക്രൈംബ്രാഞ്ച്, ഒഴിയാൻ സമയം വേണമെന്ന് വീണ്ടും ഫ്ലാറ്റുടമകൾ

Published : Oct 01, 2019, 11:40 AM IST
'മരട് ഫയലുകൾ' പരിശോധിച്ച് ക്രൈംബ്രാഞ്ച്, ഒഴിയാൻ സമയം വേണമെന്ന് വീണ്ടും ഫ്ലാറ്റുടമകൾ

Synopsis

അതേസമയം, ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഔദ്യോഗികമായി തുടങ്ങി. മരട് നഗരസഭയിലെത്തി ക്രൈംബ്രാഞ്ച് സംഘം ഫയലുകൾ പരിശോധിക്കുകയാണ്. 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭയ്ക്കും സർക്കാരിനും മുന്നിൽ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണെന്നിരിക്കെ, വീണ്ടും ആശയക്കുഴപ്പം. നഗരസഭ വാടകയ്ക്ക് താമസിക്കാൻ എടുത്ത് നൽകിയ ഫ്ലാറ്റുകളിൽ പലതും ഒഴിവില്ലെന്നും, ഒഴിഞ്ഞുപോകാൻ ഇനിയും സമയം വേണമെന്നും ഒരു വിഭാഗം ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. മാത്രമല്ല, ലോണെടുത്താണ് പല ഫ്ലാറ്റുകളും വാങ്ങിയതെന്നും, വാടകയും ലോൺ തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്ലാറ്റുടമകൾ പറയുന്നു. വാടകയ്ക്ക് താമസിക്കുന്നവർ മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞുപോയിട്ടുള്ളതെന്നാണ് മറ്റൊരു വിഭാഗം ഫ്ലാറ്റുടമകൾ പറയുന്നത്.

അതേസമയം, ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. മരട് നഗരസഭയിലെത്തി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്. ഫയലുകളെല്ലാം ഇന്ന് തന്നെ പരിശോധിക്കാനാണ് തീരുമാനം. 

എന്നാൽ, ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്ന നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം. എല്ലാവരെയും ഒഴിപ്പിച്ച ശേഷം നഷ്ടപരിഹാരം പെട്ടെന്ന് തന്നെ കൈമാറി ഫ്ലാറ്റുകൾ പൊളിയ്ക്കാനുള്ള നടപടികൾക്കുള്ള കർമ്മപദ്ധതി തയ്യാറാണ്. 

'ഫ്ലാറ്റുകൾ കിട്ടിയില്ല'

''പുനരധിവാസം തരാമെന്ന് പറഞ്ഞ് കുറേ ഫ്ലാറ്റുകളുടെ നമ്പറുകളും ബ്രോക്കർമാരുടെ നമ്പറുകളുമാണ് തന്നത്. ഈ നമ്പറുകളിൽ വിളിക്കുമ്പോൾ ചീത്ത വിളിയാണ്. ആരാണ് ഈ നമ്പറുകൾ തന്നതെന്ന് ചോദിച്ച്. കഴിഞ്ഞ ദിവസം ഒരു വലിയ അപേക്ഷാ ഫോം കൊണ്ടുവന്നു തന്നു. ആരൊക്കെയാണ് ഇവിടെ താമസിക്കുന്നതെന്ന് ചോദിച്ച്. ഞങ്ങൾ സാധനങ്ങൾ പാക്ക് ചെയ്യാൻ നിക്കുവോ അതോ ഫോം ഫില്ല് ചെയ്യാൻ നിക്കുമോ? ഇപ്പോഴാണോ ഈ ഫോമും കൊണ്ട് വരുന്നത്? ഇവിടെന്താ യുദ്ധം നടക്കുകയാണോ?'', എന്ന് ഫ്ലാറ്റുടമ ബിയോജ് ചേന്നാട്ട്. 

''മൂന്ന് വർഷമായി ഇവിടെ താമസിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഒരു ഫ്ലാറ്റ് ശരിയായത്. സർക്കാർ വേറെ ഫ്ലാറ്റ് തരുമെന്ന് ഇന്നലെയാണ് അറിഞ്ഞത്. അത് നോക്കിയില്ല. വേറെ അയൽക്കാരോടൊക്കെ വിളിച്ച് ചോദിച്ചപ്പോൾ ആ ഫ്ലാറ്റുകളിൽ നിന്ന് കിട്ടിയത് മോശം പ്രതികരണമാണെന്നതാണ് കേട്ടത്'', എന്ന് മറ്റ് ചിലർ പറയുന്നു.

521 ഫ്ലാറ്റുകൾ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാർക്കായി സർക്കാർ വേറെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ പലതിലേക്കും ഇവിടെയുള്ളവർ മാറിയിട്ടില്ല. വിളിച്ച് ചോദിച്ചാൽ ഒഴിവില്ലെന്നാണ് പറയുന്നതെന്നാണ് താമസക്കാർ ആരോപിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പെന്നും 10 സീറ്റിൽ കനത്ത പോരാട്ടമെന്നും സിപിഎം കണക്ക്,അവലോകന യോഗത്തില്‍ നേതാക്കൾ തമ്മില്‍ വാഗ്വാദം,പോര്‍വിളി