'ഫ്ലാറ്റ് പൊളിക്കുമ്പോൾ വീട് തകരില്ലേ? എന്ത് സുരക്ഷയുണ്ട് ഉറപ്പു തരാൻ?', മരടിലെ നാട്ടുകാർ

By Web TeamFirst Published Oct 2, 2019, 10:38 AM IST
Highlights

തൊട്ടടുത്ത അമ്പലത്തിൽ വെ'ടിക്കെട്ട് നടന്നപ്പോൾ പോലും വീടുകളിലെ ജനൽചില്ലുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചാൽ വീടുകളിൽ വിള്ളൽ ഉണ്ടാകുമെന്നുറപ്പാണ്. നഗരസഭ ഇതൊന്നും അറിയുന്നില്ലേയെന്ന് ഫ്ലാറ്റുകളുടെ സമീപത്തെ താമസക്കാർ. 
 

മരട്: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നഗരസഭാനീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ നാട്ടുകാർ ഇന്ന് ജനകീയ കൺവൻഷൻ നടത്തും. ഫ്ലാറ്റുകളിൽ നിന്നൊഴിയേണ്ട കാലാവധി നാളെ ആണ് അവസാനിക്കുക. 

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭ തീരുമാനിച്ചത് മുതൽ പ്രദേശവാസികൾ ആശങ്കയിലാണ്. നിരവധി തവണ നഗരസഭയിലെത്തിയെങ്കിലും തങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ജനകീയ കൺവൻഷൻ നടത്താനും പ്രതിഷേധം കടുപ്പിക്കാനും നാട്ടുകാർ തീരുമാനിച്ചത്. 

ഫ്ലാറ്റ് പൊളിക്കുന്ന നടപടിയെ സംബന്ധിച്ച് നഗരസഭയ്ക്ക് യാതൊരു ധാരണയും ഇല്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. സമീപത്തെ അമ്പലത്തിൽ വെടിക്കെട്ട് നടന്നാൽ പോലും തങ്ങളുടെ വീടുകളിൽ പ്രകമ്പനം ഉണ്ടാകും. വീടുകളിലെ ജനൽ ചില്ലുകൾ പൊട്ടിയ സ്ഥിതിയും ഉണ്ടായിട്ടുണ്ട്. സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്പോൾ വീടുകളിൽ വിള്ളലുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷെ ഇക്കാര്യങ്ങളെ കുറിച്ചൊന്നും നഗരസഭ മിണ്ടുന്നേയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ എത്ര ദൂരപരിധിയിൽ ഉള്ള ആളുകൾ ഒഴിഞ്ഞുപോകണമെന്നും എത്ര ദിവസത്തേക്ക് മാറിനിൽക്കണമെന്നും  വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ ഒഴിയേണ്ടവർ ഈ ദിവസങ്ങളിൽ എവിടെ താമസിക്കും എന്നതിനും മറുപടിയില്ല. മാത്രമല്ല ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടയിൽ പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ പറ്റിയാൽ നഗരസഭ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. പ്രതിഷേധ പരിപാടിയിൽ എം സ്വരാജ് എംഎൽഎ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.

നേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. മരട് ഫ്ളാറ്റുകൾക്ക് സമീപത്തെ താമസക്കാരനായ അഭിലാഷ് എൻ ജിയാണ് ഹർജി നൽകിയത്. ഇത്രയും വലിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമ്പോൾ അത് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതിനാൽ പരിസ്ഥിതി ആഘാത പഠനത്തിന് കോടതി നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

click me!