മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും; 126 ആം കൺവൻഷൻ കർശന കൊവിഡ് നിയന്ത്രണങ്ങളോടെ

By Web TeamFirst Published Feb 14, 2021, 7:05 AM IST
Highlights

ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനം 200 പേർക്ക് മാത്രം. പകൽ 2 മണിക്കുള്ള യോഗം ഉണ്ടാവില്ല. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും മാത്രമാണ് യോഗങ്ങൾ.

പത്തനംതിട്ട: ചരിത്ര പ്രസദ്ധമായ മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും. വൈകീട്ട് മൂന്നിന് മാർത്തോമ സഭ പരാമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടയാണ് 126 മത് കൺവൻഷൻ.

ഇനിയുള്ള ഒരാഴ്ചക്കാലം മാരമണ്ണിലെ പമ്പാ തീരത്ത് ആത്മീയ വചനങ്ങൾ മുഴങ്ങും. മഹാമാരിക്കാലത്തെ മാരാമൺ കൺവൻഷൻ സമാനതകൾ ഇല്ലാത്തതാണ്. ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനം 200 പേർക്ക് മാത്രം. പകൽ 2 മണിക്കുള്ള യോഗം ഉണ്ടാവില്ല. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും മാത്രമാണ് യോഗങ്ങൾ. യുവ വേദിയും ബൈബിൾ ക്ലാസ്സും ഉണ്ടാവും.

മണൽപ്പുറത്തേക്കുള്ള താൽക്കാലിക പാലങ്ങളും ഓല മേഞ്ഞ പന്തലും സജീകരിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ നടക്കുന്നത്. 
പമ്പാ നദിയും മണൽത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പടുത്തി. മാർത്തോമ സഭയുടെ സുവിശേഷ സംഘമാണ് കൺവൻഷൻ നേതൃത്വം നൽകുന്നത്. സുവിശേഷ സംഘം പ്രസിഡന്റ് യുയാക്കിം മാർ കുറിലേസ് എപ്പിസ്ക്കോപ്പ മേൽനോട്ടം വഹിക്കും. 21നാണ് കൺവൻഷൻ സമാപിക്കുന്നത്.

click me!