മറാഠ സംവരണത്തിലെ സുപ്രിംകോടതി വിധി സംസ്ഥാനത്തെ മുന്നാക്ക സാമ്പത്തിക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്

By Web TeamFirst Published May 5, 2021, 8:46 PM IST
Highlights

മറാഠാ സംവരണ കേസിലെ സുപ്രീംകോടതി വിധി  മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്.

തിരുവനന്തപുരം: മറാഠാ സംവരണ കേസിലെ സുപ്രീംകോടതി വിധി  മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്. പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായ പ്രകടനങ്ങൾ മൂന്നാക്കത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻഎസ്എസ് പ്രസ്താവനയിൽ ആരോപിച്ചു. 

ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്ന് 1992ൽ ആയിരുന്നു സുപ്രീംകോടതി വിധിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു ഒമ്പതംഗ ഭരണഘടന ബഞ്ചിൻറെ ഈ നിർദ്ദേശം. 2018-ൽ 16 ശതമാനം മറാത്ത സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ ഈ പരിധി ലംഘിച്ചു. 

ബോംബെ ഹൈക്കോടതി മറാത്ത സംവരണം ശരിവച്ചതിനെതിരായ ഹർജിയാണ് സുപ്രീംകോടി പരിഗണിച്ചത്.  ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിൻറെ നിലപാടിൽ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു. എന്നാൽ  ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് പരിധി പുനർനിർണ്ണയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.

ഇന്ദിര സാഹ്നി വിധി ഭരണഘടന തത്വങ്ങൾക്ക് അനുസൃതമാണ്. 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നല്കാനുള്ള അസാധാരണ സാഹചര്യം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ സംവരണ തീരുമാനം കോടതി റദ്ദാക്കി. കഴിഞ്ഞ സപ്തംബർ ഒമ്പത് വരെ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിധി ബാധിക്കില്ല, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നല്കിയത് കോടതി ശരിവച്ചു. 

പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാനസർക്കാരുകൾക്ക് കഴിയുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ അധികാരം രാഷ്ട്രപതിക്കായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വൻ പ്രക്ഷോഭത്തിനു ശേഷമാണ് മറാത്തകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തത്. ഭരണഘടനാപരമായ വെല്ലുവിളിക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതത്തിനും ഇടയാക്കുന്നതാണ് ഈ വിധി.

click me!