
മറയൂർ: ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര (Marayoor Jaggery) വ്യവസായം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ (Tamilnadu) നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ ഇല്ലായ്മ ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മ്മാണവും പാതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറയുന്നു.
മറയൂര്‍ ശര്‍ക്കരയുടെ മധുരം ഏറെ പേരുകേട്ടതാണ്. എന്നാൽ ആ മധുരം അതുണ്ടാക്കുന്ന കര്‍ഷകരുടെ ജീവിതത്തിനില്ലെന്നാണ് ശർക്കര നിർമ്മാതാവായ വിജയൻ പറയുന്നത്. പണ്ട് ആളൊഴിയാതിരുന്ന ആലപ്പുരകൾ ഇന്ന് ശൂന്യമാണ്. അങ്ങോട്ട് ചെന്ന് കാല് പിടിച്ചാലാണ് കച്ചവടക്കാര്‍ ശര്‍ക്കരയെടുക്കുന്നത്, അതും തുച്ഛമായ വിലയ്ക്ക്. മറയൂര്‍ ശര്‍ക്കരയുടെ വ്യാജൻ വിപണി പിടിച്ചതാണ് ഇവരുടെ പ്രതിസന്ധിക്ക് കാരണം.
ഉപ്പു ചേർക്കുന്നതാണ് തമിഴ്നാട് ശർക്കരയും നമ്മുടെ ശർക്കരയുമായുള്ള വ്യത്യാസം. അവരിപ്പോ അതിൽ പഞ്ചാരയിട്ട് ഉപ്പ് കുറച്ച് മറയുർ ശർക്കര പോലെ ഉരുട്ടിയാണ് കച്ചവടത്തിനെത്തിക്കുന്നത്. നമുക്ക് എന്ത് ചെയ്യാൻ പറ്റും, ഒന്നും ചെയ്യാൻ പറ്റുന്നില്ല. വിജയൻ പറയുന്നു.
മറയൂർ ശർക്കരയ്ക്ക് ഉല്പാദനചെലവ് കൂടുതലാണ്. അതിനനുസരിച്ച് വില ലഭിക്കാതെ വരുമ്പോ കൃഷി നിന്നുപോവാണ്. മറ്റ് കൃഷികളിലേക്ക് മാറുന്നില്ല, നിലം തരിശായി പോകുകയാണ്. മറ്റ് കൃഷികളിലേക്ക് പോകാനുള്ള സാമ്പത്തികസ്ഥിതി ഇവിടുത്തെ ചെറുകിട കർഷകർക്കില്ല. 2012ലാണ് ഇവിടെ സംഘം രൂപീകരിക്കുന്നത്. അന്ന് ഇവിടെ 1600 ഏക്കർ കൃഷിയുണ്ടെങ്കിൽ ഇന്ന് 800 ഏക്കർ പോലുമില്ല.
ഭൗമസൂചിക പദവിയുള്ള ഉൽപ്പനത്തെ രക്ഷിക്കാൻ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. ജില്ലാ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയാൽ വ്യാജ ശർക്കര കണ്ടെത്താമെന്നും അങ്ങനെ പ്രശ്നപരിഹാരം സാധ്യമാകുമെന്നും കർഷകർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam