സമുദായ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സമുദായ സംഘടനകൾക്ക് എതിരല്ലെന്നും വർഗീയത പറയുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് ഏറ്റുമുട്ടി വീഴേണ്ടി വന്നാലും പിന്നോട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു

കൊച്ചി: എസ് എൻ ഡ‍ി പി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്നും അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. താൻ എൻ എസ് എസിനോ എസ് എൻ ഡി പിക്കോ എതിരല്ല. 'എന്നാൽ വർഗീയത പറയരുത്, ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ, വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്, അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്, വർഗീയത ആര് പറഞ്ഞാലും എതിർക്കും'- എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നതെന്നും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാക്കാലത്തും വർഗീയതക്കെതിരാണ് തന്‍റെ നിലപാടെന്നും വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

പെരുന്നയിൽ പോയിട്ടുണ്ട്, സിനഡിൽ പോയതിൽ തെറ്റില്ല

ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. പെരുന്നയിൽ പലതവണ പോയിട്ടുണ്ടെന്നും എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമുദായ നേതാക്കൾ എല്ലാം വർഗീയ നേതാക്കളാണോ എന്ന് ചോദിച്ച അദ്ദേഹം, നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും തമ്മിൽ ബന്ധമില്ലെന്നും കൂട്ടിച്ചേർത്തു. സഭയുടെ സിനഡ് യോഗത്തിൽ പോയതിൽ എന്താണ് തെറ്റെന്നും ആരെയും അവഗണിക്കുന്ന നിലപാട് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സതീശൻ പ്രതികരിച്ചു. സമുദായ നേതാക്കൾക്കെതിരെയല്ല താൻ വിമർശനം ഉന്നയിച്ചിട്ടുള്ളത്. വർഗീയത പറയുന്നതിനെ മാത്രമാണ് എതിർത്തിട്ടുള്ളത്. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് താൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമില്ല. ഒരു പ്രതിപക്ഷ നേതാവും കേൾക്കാത്ത ആക്ഷേപങ്ങളാണ് താൻ കേട്ടുകൊണ്ടിരിക്കുന്നത്. വർഗീയത ആര് പറഞ്ഞാലും വെള്ളം ചേർക്കാത്ത നിലപാട് പാർട്ടി സ്വീകരിക്കും. മുസ്ലിം ലീഗിനെ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പരോക്ഷമായി വർഗീയത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനൊക്കെ പിന്നിൽ എന്താണെന്ന് കാത്തിരുന്നു കാണാമെന്നും സതീശൻ വ്യക്തമാക്കി.

സുകുമാരൻ നായരുടെ വിമർശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് രാവിലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളിയുടെ വിമർശനം

ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സതീശൻ ആണ് തനിക്കെതിരെ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ്‌ ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അം​ഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.