നോളജ് സിറ്റി; എത്ര കെട്ടിടങ്ങളെന്ന് പോലും കണക്കില്ല, വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്

Web Desk   | Asianet News
Published : Jan 23, 2022, 06:20 AM ISTUpdated : Jan 23, 2022, 08:15 AM IST
നോളജ് സിറ്റി; എത്ര കെട്ടിടങ്ങളെന്ന് പോലും കണക്കില്ല, വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്

Synopsis

പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ പഞ്ചായത്തില്‍ വ്യക്തമായ കണക്കുണ്ടായിരുന്നില്ല. പഞ്ചായത്ത് അനുമതിയില്ലാതെ ഇവിടെ നിര്‍മാണങ്ങള്‍ നടന്നിരുന്നു എന്നതിന് അപകടത്തില്‍ പെട്ട കെട്ടിടം തന്നെ തെളിവാണ്. 

കോഴിക്കോട്: കോടഞ്ചേരിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ (Kanthapuram Aboobackar Musaliyar) നേതൃത്വത്തിലുളള നോളജ്  സിറ്റിയില്‍ (Markaz Knowledge City) കെട്ടിടം തകര്‍ന്നു വീണ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത്. നോളജ് സിറ്റിയില്‍ നിലവില്‍ എത്ര കെട്ടിടങ്ങള്‍ നിലവിലുണ്ടെന്ന കണക്ക് പോലും പഞ്ചായത്തിന്‍റെ പക്കലില്ല. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്തി അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു നോളജ് സിറ്റിയിലെ നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രാഥമിക പരിശോധന നടത്തിയത്. പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ പഞ്ചായത്തില്‍ വ്യക്തമായ കണക്കുണ്ടായിരുന്നില്ല. പഞ്ചായത്ത് അനുമതിയില്ലാതെ ഇവിടെ നിര്‍മാണങ്ങള്‍ നടന്നിരുന്നു എന്നതിന് അപകടത്തില്‍ പെട്ട കെട്ടിടം തന്നെ തെളിവാണ്. തോട്ടഭൂമിയെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ കൈവശാവകാശ നല്‍കിയ ഭൂമിയിലാണ് പഞ്ചായത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെട്ടിട നിര്‍മാണം തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപകടത്തിന് പിന്നാലെ കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയത്. സമാനമായ രീതിയില്‍ മറ്റു കെട്ടിടങ്ങള്‍ ഉണ്ടോ എന്ന് അറിയാനായാണ് പരിശോധന.

നോളജ് സിറ്റിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആത്മീയ സ്ഥാപനങ്ങള്‍ക്കും ഒപ്പം വാണിജ്യ സ്ഥാപനങ്ങളും വിവിധ നിക്ഷേപ പദ്ധതികളും ഉണ്ട്. എന്നാല്‍ വസ്തു നികുതി ഇനത്തില്‍ പഞ്ചായത്തിനും കെട്ടിട നികുതി ഇനത്തില്‍ റവന്യൂ വകുപ്പിനും എത്ര തുക ലഭിക്കുന്നുവെന്നതടക്കം പല കാര്യങ്ങളിലും വ്യക്തതയില്ല. അടുത്തയാഴ്ച നടത്തുന്ന സ്ഥല പരിശോധനയിലൂടെ ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് കോടഞ്ചേരി പഞ്ചായത്ത്.

PREV
click me!

Recommended Stories

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു