നിലനിർത്താൻ യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്; പ്രവചനാതീതം കളമശ്ശേരിയുടെ മനസ്സ്

By Marketing FeatureFirst Published Mar 30, 2021, 12:32 PM IST
Highlights

Marketing Feature: കളമശ്ശേരി മണ്ഡലം നിലനിർത്തുമെന്ന ദൃഢനിശ്ചയവുമായി യുഡിഎഫും പിടിച്ചെടുക്കുമെന്ന വാശിയുമായി എൽഡിഎഫും നേർക്കുനേർ വരുമ്പോൾ ആര് കളം പിടിക്കും എന്നതാണ് മണ്ഡലത്തിലുടനീളമുള്ള സംസാര വിഷയം. 

കളമശ്ശേരി മണ്ഡലം നിലനിർത്തുമെന്ന ദൃഢനിശ്ചയവുമായി യുഡിഎഫും പിടിച്ചെടുക്കുമെന്ന വാശിയുമായി എൽഡിഎഫും നേർക്കുനേർ വരുമ്പോൾ ആര് കളം പിടിക്കും എന്നതാണ് മണ്ഡലത്തിലുടനീളമുള്ള സംസാര വിഷയം.  കളമശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി ഇത്തവണ ജനവിധി തേടുന്നത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂറാണ്, എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായി മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് കളമശ്ശേരിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഭരണമികവിന്റെ മികച്ച മാതൃകയായും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നു. എന്നാൽ  സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ 14 കോടിയുടെ പ്രളയഫണ്ട് തട്ടിപ്പ് കേസ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് അബ്ദുല്‍ ഗഫൂര്‍ മറുപടി പറയുന്നത്.  ഓരോ വീട്ടിലും ആളുകളെ കണ്ടും അവരുടെ ക്ഷേമം അന്വേഷിച്ചുമാണ് സ്ഥാനാർത്ഥികളുടെ പ്രചാരണം, രാജീവിന്റെ പ്രചാരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ കളത്തിലിറക്കിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി തുടങ്ങി നേതാക്കളെയാണ് യു.ഡി.എഫ് പ്രചാരണത്തിന് എത്തിക്കുന്നത്.

പാലാരിവട്ടം പാലം അഴിമതി ആരോപണം ഉയർന്നഘട്ടം മുതൽ മണ്ഡലത്തിൽ കത്തിച്ചുനിർത്താൻ സി.പി.എം ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇതിനിടെ മറ്റ് പല വിവാദങ്ങൾ വന്നത് യു.ഡി.എഫിന് പ്രതിരോധിക്കാനുള്ള വഴിതുറന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരി, ഏലൂർ നഗരസഭകളിൽ ഒന്നും, നാല് പഞ്ചായത്തുകളിൽ രണ്ടിടത്തും നില മെച്ചപ്പെടുത്താൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. വികസന പ്രവർത്തനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.  കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിക്കുപുറമേ ഏലൂര്‍ നഗരസഭയും പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസിൽനിന്നുള്ള പി.എസ്. ജയരാജും മത്സര രംഗത്തുണ്ട്.

click me!