മുഹൂർത്തം തെറ്റിയില്ല, ആവണിക്കും ഷാരോണിനും അത്യാഹിത വിഭാ​ഗം കതിർമണ്ഡപമായി, സ്നേഹത്തെ തോൽപിക്കാൻ അപകടത്തിനായില്ല

Published : Nov 21, 2025, 03:45 PM IST
lakeshore marriage

Synopsis

വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആവണിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി.

കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിന്റെ നൊമ്പരങ്ങള്‍ക്ക് ആവണിയുടെയും ഷാരോണിന്റെയും സ്‌നേഹത്തെ തോല്‍പ്പിക്കാനായില്ല. വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആവണിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി. വിവാഹവുമായി മുന്നോട്ട് പോകണമെന്ന ആഗ്രഹം കുടുംബം വ്യക്തമാക്കിയത്. അനുസരിച്ച് അതിനുളള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്യുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ അവിചാരിതമായാണ് ആവണിക്ക് അപകടം സംഭവിച്ചത്. ഈ ഘട്ടത്തില്‍ അവരുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനക്കും മൂല്യം നല്‍കിയാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവാഹം നടത്താനുള്ള അവസരം നല്‍കിയത്.

ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ഉച്ചക്ക് തുമ്പോളിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കയറുകയായിരുന്നു.

നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സക്കായി 12 മണിയോടെ എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ഒപ്പമെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ ഉടന്‍ നടക്കുമെന്നും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍ പറഞ്ഞു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്