
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്‍ഡിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നടത്തിയ ഇടപെടലുകൾക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന് എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്‍റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാറിനും അപേക്ഷ നൽകിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാൻ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫയലൊന്നും താൻ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ് പത്മകുമാറിന്‍റെ നിർണ്ണായക മൊഴി.
തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തും. പിന്നാലെ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടോയെന്നതടക്കം പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയുമായുളള പല ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. പോറ്റിയുടെ സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് മണ്ഡലത്തിൽ കടകംപള്ളി ചില പദ്ധതികൾ നടത്തിയതായും എസ്ഐടിക്ക് വിവരമുണ്ട്. ഈ ബന്ധം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചോ എന്നതടക്കം പരിശോധിക്കും.