ഗുരുവായൂരില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി; നിബന്ധനകള്‍ അറിയാം

By Web TeamFirst Published Jun 3, 2020, 7:39 AM IST
Highlights

വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.
 

ഗുരുവായൂര്‍: ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനമായി. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. ഒരു വിവാഹത്തില്‍ 10 പേര്‍ക്ക് പങ്കെടുക്കാം. 

പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍, നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. 

വധൂവരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്. വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.


 

click me!