വല്ലാര്‍പ്പാടം പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത മേരി തോമസ് പുനരധിവാസം ലഭിക്കാതെ യാത്രയായി

By Web TeamFirst Published May 29, 2021, 2:38 PM IST
Highlights

ഭൂമി വിട്ടുകൊടുത്ത മേരി തോമസിന് വീട് നിര്‍മ്മിക്കാനായി അനുവദിച്ചത് ചതുപ്പ് നിലമായിരുന്നു. കാക്കനാട് തുതിയൂരില്‍ നല്‍കിയ ആറ് സെന്‍റ് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനാവില്ലെന്ന് പി ഡബ്ല്യു ഡി തന്നെ സാക്ഷ്യപ്പെടുത്തിയതാണ്.

കൊച്ചി: വല്ലാര്‍പ്പാടം പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത  കോതോട് പനയ്ക്കല്‍ മേരി തോമസ് പുനരധിവാസം ലഭിക്കാതെ യാത്രയായി. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത് പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മേരിക്ക്  സ്വന്തമായൊരു കിടപ്പാടമുണ്ടായില്ല. ഒടുവില്‍ പുനരധിവാസമെന്ന സ്വപ്നം ബാക്കിയാക്കി 94 കാരിയായ മേരി യാത്രയായി.

ഭൂമി വിട്ടുകൊടുത്ത മേരി തോമസിന് വീട് നിര്‍മ്മിക്കാനായി അനുവദിച്ചത് ചതുപ്പ് നിലമായിരുന്നു. കാക്കനാട് തുതിയൂരില്‍ നല്‍കിയ ആറ് സെന്‍റ് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനാവില്ലെന്ന് പി ഡബ്ല്യു ഡി തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. പദ്ധതിയുടെ പേരില്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്കൊന്നും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.

മേരി തോമസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെന്റ് പുരയിടവും അതിലെ വീടും 2008 -ല്‍ വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്നും പുനരധിവാസം ഏര്‍പ്പെടുത്താതെയായിരുന്നു കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ പറയന്നു.

വാര്‍ദ്ധക്യസഹജ രോഗങ്ങള്‍ അലട്ടിയിരുന്ന മേരി തോമസ് ഇളയമകന്‍ ടെലസിന്റെ വീട്ടിലാണ് ആണ് താമസിച്ചു പോന്നിരുന്നത്. ജയ്,ആന്‍സി, പീറ്റര്‍, ട്രീസ, സ്റ്റെല്ലാ, എല്‍സി, കുഞ്ഞുമോള്‍ എന്നിവരാണ് മറ്റു മക്കള്‍ മൃതസംസ്‌കാരം കോതാട് സേക്രഡ് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍ നടന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!