
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയുടെ അപ്പീല്‍. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനാണ് ഇഡി അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ബെഞ്ച് നോട്ടീസിന്മേലുള്ള തുടര്‍ നടപടികള്‍ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതിൽ ഫെമ ചട്ട ലംഘനം ഉണ്ടെന്ന ഇ ഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2672 കോടി രൂപ സമാഹരിച്ചതിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാണ് കണ്ടെത്തൽ. 2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നെന്നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ. എന്നാല്‍, മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam