
കൊച്ചി: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മകൾ വീണ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളും വിദ്യാസമ്പന്നയും സംരഭകയുമായ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് ഹർജിക്ക് പിന്നിലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. എക്സാലോജിക് ബെനാമി കമ്പനിയല്ലെന്നും തന്‍റെ പിതാവായ പിണറായി വിജയനോ ഭർത്താവ് മുഹമ്മദ് റിയാസിനോ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു.
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം ആർ അജയൻ നൽകിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണെന്ന് പറയുന്ന വീണ, പൊതുതാല്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്നും ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ത്രീകളായ പ്രൊഫഷണലുകളെ അപകീർത്തിപ്പെടുത്തുകയെന്ന ദുരുദ്ദേശവുമുണ്ട്. സിപിഎം ആർ എല്ലുമായുളള എക്സാലോജിക് സാമ്പത്തിക ഇടപാട് രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. ഈയിടപാടിനെപ്പറ്റി എസ്എഫ്ഐഒ അന്വേഷണത്തിന് സമാന്തരമായി മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
സിബിഐ അന്വേഷണ ഹർജിയിലെ ആരോപണങ്ങൾ മുമ്പ് വിജിലൻസ് കോടതിയും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയതാണ്. സിഎം ആർ എല്ലുമായുളള സാമ്പത്തിക ഇടപാടുകൾക്ക് തന്‍റെ പിതാവുമായി ബന്ധമില്ല. സിഎം ആർഎല്ലിന് വഴിവിട്ട് ആനൂകുല്യം ലഭിക്കാൻ താനോ പിതാവോ ഇടപെട്ടതായി തെളിവില്ല. ഏതെങ്കിലും വിധത്തിൽ കൈക്കൂലി ലഭിച്ചതായി ഹർജിയിലില്ല. എക്സാലോജിക് സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. തന്‍റെ ഭർത്താവായ മുഹമ്മദ് റിയാസ് കമ്പനി ഓഹരി ഉടമയോ ഡയറക്ടറോ ഗുണഭോക്താവോ അല്ല. കോവളം കൊട്ടാരം കൈമാറ്റത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. എകെജി സെന്‍റർ ഒരു സേഫ് ഡിപ്പോസിറ്റ് പാലസാണെന്ന ഹർജിയിലെ ആരോപണം അടിസ്ഥാന രഹിതമാണ്. എകെജി സെന്‍ററിന്‍റെ വിലാസം ഉപയോഗിച്ചതിനല്ല ആർഒസി പിഴചുമത്തിയതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിക്ക് സാധുതയില്ലെന്നും അതിലെ വസ്തുതകൾ നിലനിൽക്കുന്നതല്ലെന്നുമാണ് വീണ ടിയുടെ മറുപടി സത്യവാങ്മൂലത്തിലുള്ളത്. എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
വീണയുടെ സത്യവാങ്മൂലത്തിലെ പ്രധാന വാദങ്ങള്‍
വീണാ വിജയൻ സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹർജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ‘പൊതുതാൽപ്പര്യമെന്ന ഉദ്ദേശ ശുദ്ധി ഹർജിക്കില്ല. ഹർജിക്കാരനായ മാധ്യമപ്രവർത്തകൻ എം ആർ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹർജി. തന്നെയും തന്റെ മകളെയും ടാർഗറ്റ് ചെയ്യുകയാണ്. രണ്ട് കമ്പനികൾ തമ്മിലെ സാമ്പത്തിക ഇടപാടുകളാണ്. നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും’ മുഖ്യമന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്ത നടപടി ഫെഡറൽ ബന്ധങ്ങളെ നിലനിർത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാകുമെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ മറ്റൊരു പ്രധാന വാദം. മാസപ്പടി കേസിൽ അന്വേഷണം വേണ്ടെന്ന വിജിലൻസ് കോടതി ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് അംഗീകരിക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.