ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് വിട്ടയയ്ക്കും

Published : Jun 11, 2025, 10:39 AM ISTUpdated : Jun 11, 2025, 11:16 AM IST
shahbas murder

Synopsis

ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കോടതി നിരീക്ഷിച്ചു.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വേദനിപ്പിക്കുന്ന തീരുമാനമെന്ന് ഷഹബാസിന്‍റെ അച്ഛന്‍ അക്ബാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ട് പേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നൽകിയത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ