
തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. അതിവേഗം കേസെടുത്താൽ ബിജെപിയുമായുള്ള ഡീൽ എന്ന ആക്ഷേപം സിപിഎം ഉയർത്തുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളി. സിപിഎം തിരുത്തലിലേക്ക് നീങ്ങുന്നതിനിടെയുള്ള ഇഡി നീക്കം പിണറായിക്ക് വലിയ അഗ്നിപരീക്ഷയാണ്. എന്നാൽ രാഷ്ട്രീയപ്രേരിത നടപടി എന്ന നിലക്ക് പ്രതിരോധം തീർക്കാനാണ് സിപിഎം തീരുമാനം.
പിണറായിയുടെ കൈകൾ ശുദ്ധമല്ലെന്നാണ് ഇഡി പറയുന്നത്. പലതരം അഴിമതിക്കേസുകൾ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. പക്ഷെ, മുൻമുഖ്യമന്ത്രിക്കും നിലവിലെ പ്രതിപക്ഷ നേതാവിനുമെതിരായ ഇഡി കണ്ടെത്തൽ അസാധാരണമാണ്. മാസപ്പടിയുടെ നാൾവഴികളിൽ തുടക്കം മുതൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച യുഡിഎഫ് കോർട്ടിൽ പന്തെത്തുമ്പോൾ വെല്ലുവിളികളേറെയാണ്. ഇഡി കണ്ടെത്തൽ പ്രകാരം ഉടൻ കേസെടുത്താൽ ബിജെപി യുഡിഎഫ് ഡീൽ ആരോപണം സിപിഎം കടുപ്പിക്കും. കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കും വരെ കാത്തിരുന്നാൽ ഇതുവരെ എതിർത്ത പിണറായിക്ക് സംരക്ഷണം നൽകിയെന്ന ആക്ഷേപം കേൾക്കും. അതുകൊണ്ട് നിയമോപദേശം തേടി, രാഷ്ട്രീയ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. രാഷ്ട്രീയമേൽക്കെക്കുള്ള അവസരം കളയേണ്ടെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
ഇഡിയുടെ കത്തില്‍ ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഡിജിപിയുമായി സംസാരിച്ചുവെന്നും കത്ത് കിട്ടിയിട്ടുണ്ടെന്നുമാണ് മനസിലാക്കാൻ സാധിച്ചത്. ഇതിൽ ആലോചിച്ച് നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, മാസപ്പടി കേസിൽ ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. സമ്മതിച്ച കാര്യങ്ങൾ തെളിയിക്കേണ്ടതില്ല, എത്ര പറഞ്ഞാലും ന്യായീകരിച്ചാലും ഒന്നുമില്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam