
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ ഇ ഡി കൈമാറിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണ്. വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും, ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നമാണ് ഷാജഹാന്‍റെ ഹർജിയിലെ ആവശ്യം.
അതേസമയം പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും ആദ്യം തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ തന്നെയാണ് കൈമാറിയതെന്നും അതിനാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നമാണ് ഇ ഡിയുടെ നിലപാട്. എന്തായാലും ഇന്ന് ഈ വാദമുഖങ്ങളെല്ലാം വിശദമായി കേട്ട ശേഷമായിരിക്കും ഹർജിയിൽ ഹൈക്കോടതിയുടെ തുടർനടപടികൾ.
അതേസമയം മാസപ്പടി കേസിൽ ഇ ഡിയുടെ കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാനുള്ള നീക്കത്തിലാണ് സി പി എം. കോൺഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ ഒക്ടോബർ പകുതിയോടെ പ്രക്ഷോഭ പരിപാടികൾ തുടങ്ങാനാണ് തീരുമാനം. വിഷയത്തിൽ അരവിന്ദ് കെജ്രിവാൾ പിന്തുണ നൽകിയെന്നും എന്നാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മനീഷ് സിസോദിയ പങ്കെടുക്കുമെന്നും കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ഇന്നലെ അറിയിച്ചിരുന്നു. മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെത്തിയ ശേഷം പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ആലോചനകൾ സംസ്ഥാന നേതാക്കളുമായി ചേർന്ന് ചർച്ചചെയ്യുമെന്നും എം എ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam