Latest Videos

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ, ഹർജി 30ലേക്ക് മാറ്റി

By Web TeamFirst Published May 7, 2024, 4:49 PM IST
Highlights

ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു

ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ദില്ലി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്‍റെ അഭിഭാഷകൻ ചോദിച്ചു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് മുപ്പതിലേക്ക് മാറ്റിയത്.

മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്എഫ്ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നുമാണ് സിഎംആര്‍എല്ലിന്‍റെ ആവശ്യം. കഴിഞ്ഞ മാസമാണ് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും

 

click me!