
തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തി സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.
ടി വീണക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ കുറെ കാര്യങ്ങൾ ഇഡി തന്നെ പുറത്തുവിട്ടു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് നിരന്തരം പരിശ്രമിക്കുകയാണ്. ഒടുവിലെ ഉദാഹരണമാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള പദ്ധതിയെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായിയുടെ പേര് സൂചിപ്പിച്ചപ്പോൾ തന്നെ കേസിന്റെ പോക്കിൽ പാർട്ടിക്ക് വ്യക്തത ഉണ്ടായിരുന്നു. അന്ന് തന്നെ എല്ലാ വിവരങ്ങളും പുറത്തുവന്നിരുന്നു. 182 കോടിയുടെ കണക്ക് ആദ്യമേ പുറത്ത് വന്നിരുന്നു. അതിൽ ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുമുണ്ട്. സംഭാവന കൈപ്പറ്റിയ കണക്ക് പുറത്ത് വന്നതാണ്. ഈയൊരു കാര്യം മാത്രം തെരഞ്ഞെടുത്ത് കേസ് കെട്ടിച്ചമച്ചു. മറ്റാർക്കുമെതിരെ കേസ് എടുക്കാത്തത് എന്താണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി കോൺഗ്രസ് ഡീലാണെന്ന് എംവി ഗോവിന്ദൻ കൂട്ടിചേര്‍ത്തു.
അതേസമയം, കടുത്ത വിമർശനമുയർന്നതോടെ വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ട് സമഗ്രമായി പരിഷ്കരിക്കാൻ നിർബന്ധിതമായി സിപിഎം നേതൃത്വം. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പിന് പിന്നാലെയാണ് തീരുമാനം. സംസ്ഥാന സമിതിയിലുയർന്ന സ്വയം വിമർശനങ്ങളും കേന്ദ്ര കമ്മിറ്റി വിമർശനവും ഉൾപ്പെടുത്തിയാകും തിരുത്ത്. സമഗ്ര തിരുത്തിന് തയ്യാറെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. റിപ്പോർട്ട് ഐക്യകണ്ഠേന അംഗീകരിച്ചെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam