
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ കുറ്റപത്രത്തിൻ്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.
മാസപ്പടി കേസിൽ ഇ ഡിയുടെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിലാണ് വീണ. ഈ മാസം 29 നായിരുന്നു നേരത്തെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ നിശ്ചയിച്ചതെങ്കിലും, എസ്എഫ്ഐ അനുബന്ധ രേഖകൾ ഇന്നലെ കിട്ടിയതോടെ ഇന്ന് ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വീണയോട് ആവശ്യപ്പെടുകയായിരുന്നു. 29ന് ഹാജരാകാൻ വീണയും നേരത്തെ അസൗകര്യം അറിയിച്ചിരുന്നു. രാവിലെ ഒമ്പതരയോടെയാണ് മുഹമ്മദ് റിയാസിനൊപ്പം ടി വീണ എത്തിയത്. എസ്എഫ്ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ഇഡിക്ക് ഇന്നലെ ലഭിച്ചിരുന്നു. കരിമണൽ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖയാണിത്. നേരത്തെ ഈ രേഖകൾ ലഭ്യമല്ലാത്തതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ ആയിരുന്നില്ല.
ജൂൺ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്‍റെ തുടർച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നീട്ടിയത്. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്‍റെ തുടർച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തി. വീണയുടെ ചോദ്യം ചെയ്യലിന് തുടർച്ചയായി സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്റ്റിൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടർന്നടപടികൾ.
എക്സാലോജിക് കമ്പനി സിഎംആര്‍എലിന് നൽകിയ സേവനം, സിഎംആര്‍എലിൽ നിന്ന് ലഭിച്ച പണം എന്തുചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്കാണ് കഴിഞ്ഞ തവണ വീണ ഉത്തരം നൽകിയത്. സേവനവുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാനായിരുന്നില്ല. ഇതിനുശേഷം വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറടക്കം ഇ.ഡി തുറന്നു പരിശോധിച്ചിരുന്നു. കേസിൽ സിഎംആര്‍എല്‍ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ.എസ്.കർത്ത, വീണയ്ക്ക് വായ്പ നൽകിയ എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാരായ ഷിബി.എസ്.കർത്ത, മകൻ ശരൺ.എസ്.കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ എന്നിവരടക്കം 6 പേരെയാണ് ചോദ്യം ചെയ്തത്.
കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വെച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർണായകമാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുമോ എന്നും വ്യക്തമല്ല. അന്വേഷണ പുരോഗതി ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ട് വിലയിരുത്തുന്നതിനാൽ ഡയറക്ടേറ്റിന്‍റെ തീരുമാനങ്ങളും നിർണായകമാകും. 2024 ൽ ആരംഭിച്ച അന്വേഷണത്തിനിടയിൽ ആരുടെയും അറസ്റ്റ് ഇതുവരെ ഇഡി രേഖപ്പെടുത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam