
തിരുവനന്തപുരം: മാസപ്പടി കേസിനെ ചൊല്ലി എൽഡിഎഫിൽ ഭിന്നത. വീണക്കെതിരായ കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന സിപിഎമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നിലപാട് തള്ളി സിപിഐ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എൽഡിഎഫിന്‍റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സിഎംആര്‍എല്ലിൽ നിന്ന് സേവനം നൽകാതെ 2.7 കോടി രൂപ വീണയും എക്സാലോജികും കൈപ്പറ്റിയെന്ന് എസ്എഫ്ഐഒ കുറ്റപത്രം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് കവചമൊരുക്കുകയാണ് സിപിഎം. എന്നാൽ വീണയ്ക്കായി കേസ് വാദിക്കാൻ ഒപ്പമില്ലെന്ന് സിപിഎമ്മിനോട് വ്യക്തമാക്കുകയാണ് സിപിഐ . സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗങ്ങൾക്ക് ശേഷം ആലോചിച്ച് ഉറപ്പിച്ചാണ് വീണ പണം വാങ്ങിയ കേസ് എൽഡിഎഫിന്‍റെതല്ലെന്ന നിലപാടിലേയ്ക്ക് പാര്‍ട്ടി എത്തിയത്. കേന്ദ്ര ഏജൻസികള്‍ രാഷ്ട്രീയം കുത്തിക്കലര്‍ത്തിയാൽ പ്രതിരോധിക്കുമെന്ന് സിപിഐ പറയുന്നു. വീണക്കെതിരായ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടെന്നാണ് സിപിഐ ഇതിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ടും ഒന്നെന്ന് മനസ്സിലാകുമെന്ന് സിപിഎം മറുപടി പറയുന്നു.