
മലപ്പുറം: സമസ്ത തർക്കത്തിൽ ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച് പണ്ഡിതസഭയായ മുശാവറ അംഗങ്ങൾ രംഗത്തെത്തി. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സമസ്‌ത പ്രസിഡന്റ് ഉൾപ്പടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ ദുഷ്പ്രചരണങ്ങൾ നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകൾ പോലും ഇതിൽ ഭാഗഭാക്കാകുന്നു.
'സി.ഐ.സി വിഷയത്തിൽ മധ്യസ്ഥ തീരുമാനങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞ് മാറ്റിനിർത്തപ്പെട്ടയാളെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിച്ചെന്നും മുശാവറ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ, യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, ബി.കെ അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുൽ ഫൈസി തോടാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ ഉമർ ഫൈസി മുക്കത്തിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറു വിഭാഗം നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam