
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. തലസ്ഥാനത്തുള്ള ഐടി എഞ്ചിനിയർക്ക് വ്യാജ ട്രേഡിംഗ് ആപ്പ് വഴി നഷ്ടമായത് 6 കോടി രൂപ. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വഴി ഏറ്റവും കൂടുതൽ തുക നഷ്ടമായത് ആലപ്പുഴയിലാണ്. 7 കോടി രൂപയാണ് നഷ്ടമായത്. അതിന് പിന്നാലെ ഏറ്റവും കൂടിയ തുക ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായിരിക്കുന്നത് ഇപ്പോൾ തലസ്ഥാനത്താണ്, 6 കോടി.
വിദേശത്ത് ഐടി മേഖലയിൽ ജോലി ചെയ്ത് മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. വ്യാജ ട്രേഡിങ് ആപ്പിൽ കുരുങ്ങിയാണ് ഇയാൾക്ക് പണം നഷ്ടമായത്. വിദേശത്ത് നിന്ന് മടങ്ങിയ ശേഷം പരാതിക്കാരനായ ഐടി എഞ്ചിനിയർ പ്രമുഖ ഓൺലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു. ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ പേരിൽ വാട്സപ്പ് മെസേജുകൾ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രേഡിങ് നടത്തി.
വലിയ ഓഫറുകൾ കിട്ടിയപ്പോൾ വൻ തുക നിക്ഷേപിച്ചു. സൈബർ തട്ടിപ്പ് സംഘം ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു .അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോൾ ലാഭത്തിൻ്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തടിപ്പ് സംഘം അറിയിച്ചു. ഈ മാസം 27 തിയതിയാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി വ്യക്തമായത്. തുടർന്ന് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരം അറിയിച്ചു. അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകൾ വഴി നഷ്ടമായിരുന്നു.വെറും ഒരുമാസം കൊണ്ടാൈണ് ഇത്രയുമധികം പണം നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam