
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. അര്‍ധരാത്രിക്കുശേഷമാണ് തീപിടുത്തമുണ്ടായത്. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സെത്തി ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് തീയണച്ചത്. രാവിലെ ആറോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആര്‍ക്കും പരിക്കില്ല. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്‍റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പുറത്തായിരുന്നു താമസം. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി റോഡിൽ പൊട്ടിച്ച പടക്കം തെറിച്ച് വീണ് തീ പടർന്നതാണോയെന്നാണ് സംശയം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലാൻറിന് സമീപം വെച്ച് ഇന്നലെയും പുലർച്ചെയും പടക്കം പൊട്ടിച്ചിരുന്നു. റോഡിൽ നിന്നും വലിയ രീതിയിൽ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടെന്നും തൊഴിലാളികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam