
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർഥി-യുവജന പ്രതിഷേധം കത്തുന്നു. എല്ലാ യുവജന - വിദ്യാർഥി സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ചുമായെത്തി. ബാരിക്കേഡ് കടന്നും കോളേജിലേക്ക് ചാടിക്കയറിയുമുള്ള പ്രതിഷേധം സംഘർഷ ഭരിതമായിരുന്നു. കോളേജ് അധികൃതരെ പ്രതിഷേധം അറിയിക്കാൻ ആദ്യം എത്തിയ കെ എസ് യു നേതാക്കളെ രാവിലെ തന്നെ പൊലീസ് തടഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ എന്നായിരുന്നു ഷമ്മാസ് പൊലീസിനോട് വിളിച്ചുപറഞ്ഞത്. കെ എസ് യു പ്രതിഷേധത്തിന് തൊട്ടുപിന്നാലെ എം എസ് എഫിന്റെ പ്രതിഷേധവും കോളേജിലേക്കെത്തി. പിന്നാലെ പി കെ ശ്യാമളയുടെയും എൻ സുകന്യയുടെയും നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധം ഉയർത്തി. ക്യാമ്പസിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐയുടെ മാർച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നിതിന്‍റെ മരണത്തിൽ ശക്തമായ നടപടി വേണമെന്നും കുറ്റക്കാരായ അധ്യാപകരെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഇതിനിടെ ബി ജെ പി പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി. ബാരിക്കേഡ് മറികടക്കാനുള്ള ബി ജെ പി പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത് നേരിയ സംഘർഷങ്ങൾക്ക് കാരണമായി.
12 മണിയോടെ കോളേജിന് മുന്നിലെ പ്രതിഷേധങ്ങൾ കൂടുതൽ സംഘർഷ ഭരിതമായി. ക്ലാസ് ബഹിഷ്കരിച്ച് നിന്ന വിദ്യാർഥികളെയും കൂട്ടി എസ് എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് കോളേജിനുള്ളിലേക്ക് ഇരച്ചുകയറി. ക്യാമ്പസിനകത്തേക്ക് കയറിയ പ്രതിഷേധക്കാർ ചില്ല് പൊളിച്ച് വൻ പ്രതിഷേധമാണ് ഉയർത്തിയത്. ഓഫീസിന് മുന്നിലെ ചെടി ചട്ടി തകർത്തും എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. എസ് എഫ് ഐ പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മാനേജ്മെന്റ് പ്രതിനിധികൾ നിതിന്‍റെ വീട്ടിൽ എത്താത്തത് എന്തുകൊണ്ടെന്ന ചോദ്യമുയർത്തി. നിതിന്‍റെ മരണത്തിലെ കുറ്റവാളികളാണ് മാനേജ്മെന്‍റെന്നും മനുഷ്യത്വം ഇല്ലാത്തവരാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞുവച്ചു. നിതിൻ രാജിനെ വേട്ടയാടി കൊലപെടുത്തുകയാണ് ചെയ്തത്. നടപടി സസ്പെന്ഷനിൽ ഒതുക്കരുതെന്നും കുറ്റവാളിയായ അധ്യാപകൻ റാമിനെയടക്കം പുറത്താക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. അതേസമയം നിധിൻ രാജിന്റെ മരണത്തിൽ സസ്പെൻഷനിലായ അധ്യാപകരായ എം കെ റാമും സംഗീത നമ്പ്യാരും ഒളിവിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam